ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം: ആര്‍എസ്എസ്സുകാരനായ പ്രതിയെ രക്ഷിക്കാനുള്ള പോലിസ് ശ്രമം പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2022-01-06 08:50 GMT

കൊച്ചി: പൊതുപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിയെ പട്ടാപ്പകല്‍ ക്രൂരമായി മര്‍ദ്ദിച്ച ആര്‍എസ്എസ് അക്രമിയെ രക്ഷിക്കാനുള്ള പോലിസ് നീക്കം പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി. കോഴിക്കോട് വെള്ളയില്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ മോഹന്‍ദാസാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് പോലിസ് ഭാഷ്യം. കൂടാതെ അക്രമത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ലഭിച്ചിട്ടും നിസാര വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

താന്‍ ദലിത് സ്ത്രീയായതിനാലാണ് അക്രമത്തെ നിസാരവല്‍ക്കരിക്കുന്നതെന്ന് ബിന്ദുവിന്റെ പ്രതികരണം ഗൗരവമുള്ളതാണ്. ബിന്ദു അമ്മിണിക്കെതിരായ ആക്രമണം ഇതാദ്യമായല്ല. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി നിരവധി ആക്രമണങ്ങള്‍ക്കാണ് ബിന്ദു ഇരയായിക്കൊണ്ടിരിക്കുന്നത്. പ്രതികളെല്ലാം ആര്‍എസ്എസ്സുകാരുമായിരുന്നു. എന്നാല്‍, ഈ കേസുകളിലൊന്നും ക്രിയാത്മകമായ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവാത്തതാണ് അക്രമം ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.

ഉത്തരേന്ത്യന്‍ മോഡലില്‍ സ്ത്രീകള്‍ക്കുനേരേ പോലും പരസ്യമായി ആക്രമണം നടത്താന്‍ ആര്‍എസ്എസ്സിന് നിര്‍ഭയത്വം നല്‍കുന്നത് പോലിസിലുള്ള ആര്‍എസ്എസ് സ്വാധീനമാണ്. ആര്‍എസ്എസ്സുകാര്‍ പ്രതികളാവുന്ന കേസില്‍ മാനസിക രോഗം, മദ്യലഹരി തുടങ്ങിയ പദപ്രയോഗങ്ങള്‍ പോലിസിന്റെ സ്ഥിരം പംക്തിയാണ്. ബിന്ദു അമ്മിണിക്കെതിരായ ആസൂത്രിത അക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും എന്‍ കെ സുഹറാബി ആവശ്യപ്പെട്ടു.

Tags:    

Similar News