'രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ശിക്ഷ'; രാജ്യസഭയില്‍ സ്വകാര്യ ബില്ലുമായി ശിവസേന എംപി

കുടുംബാസൂത്രണം കര്‍ശനമായി നടപ്പാക്കി രണ്ട് കുട്ടികളില്‍ പരിമിതപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാനും ശിവസേന എംപി അവതരിപ്പിച്ച ബില്ലില്‍ ആവശ്യപ്പെടുന്നു.

Update: 2020-02-14 07:02 GMT

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ശിവസേന എംപി അനില്‍ ദേശായിയാണ് രാജ്യസഭയില്‍ ഇതുസംബന്ധിച്ച സ്വകാര്യ ബില്‍ അവതരിപ്പിച്ചത്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ശിക്ഷ നല്‍കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍, നികുതി ഇളവുകള്‍ മുതലായവ നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.

'സാമൂഹ്യ ആനുകൂല്യ പദ്ധതികളിലും സ്‌കൂള്‍ പ്രവേശനങ്ങളിലും നികുതി ഇളവുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കുടുംബാസൂത്രണത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കനത്ത നികുതി ചുമത്തിയും നികുതി ഇളവുകള്‍ പിന്‍വലിച്ചും കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തണം'. ബില്ലിന്റെ ആമുഖത്തില്‍ പറയുന്നു.

കുടുംബാസൂത്രണം കര്‍ശനമായി നടപ്പാക്കി രണ്ട് കുട്ടികളില്‍ പരിമിതപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാനും ശിവസേന എംപി അവതരിപ്പിച്ച ബില്ലില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News