പ്രവാസി ഇന്ത്യക്കാര്‍ വിവാഹം 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം; ബില്ല് രാജ്യ സഭയില്‍ അവതരിപ്പിച്ചു
പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട വിവാഹത്തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു റജിസ്‌ട്രേഷന്‍ കര്‍ശനമാക്കി വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വന്നത്.
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ വിവാഹം 30 ദിവസത്തിനകം റജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കികൊണ്ടുള്ള ബില്ല് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട വിവാഹത്തട്ടിപ്പുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു റജിസ്‌ട്രേഷന്‍ കര്‍ശനമാക്കി വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വന്നത്.
ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാര്‍ വിവാഹത്തിന് ശേഷം 30 ദിവസത്തിനകം നിര്‍ബന്ധമായും വിവാഹം രജിസ്റ്റര്‍ ചെയ്യണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യക്ക് പുറത്തുള്ള എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും. ഇന്ത്യയില്‍ നിന്നും ഇന്ത്യക്ക് പുറത്തു നിന്നും വിവാഹം ചെയ്യുന്നവര്‍ക്കും നിബന്ധന ബാധകമാണ്.
രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ് ഓഫ് നണ്‍ റസിഡന്റ് ഇന്ത്യന്‍ ബില്ല്-2019 എന്ന പേരില്‍ അവതരിപ്പിച്ച ബില്ലില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ സമന്‍സ് നല്‍കി കോടതി നടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.
പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ പാസ്സായില്ലെങ്കിലും രാജ്യസഭയിലാണ് ആദ്യം അവതരിപ്പിച്ചത് എന്നതിനാല്‍ ബില്‍ നിലനില്‍ക്കും. പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര്‍ ഇന്ത്യക്കാരിയെയോ പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താല്‍ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാവും.
