കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന്; എട്ട് വയസ്സുള്ള മുസ് ലിം ബാലനെ ബിഹാര്‍ പോലിസ് അറസ്റ്റ് ചെയ്തു, വിട്ടയക്കാന്‍ പണം ആവശ്യപ്പെട്ടു

Update: 2022-09-10 06:14 GMT

പട്‌ന: വ്യാഴാഴ്ച ബീഹാറിലെ സിവാന്‍ ജില്ലയിലെ ബര്‍ഹാരിയയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തെ തുടര്‍ന്ന് അക്രമത്തിന് പ്രേരിപ്പിച്ചതിന് 8 വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ 12 മുസ് ലിംകളെ പ്രാദേശത്തെ പള്ളിയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. 70 കാരനായ മുഹമ്മദ് യാസിനേയും എട്ട് വയസ്സുള്ള കൊച്ചുമകന്‍ റിസ്വാന്‍ ഖുറേഷിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മഗ് രിബ് നമസ്‌കരിക്കാന്‍ പള്ളിയില്‍ പോയതാണെന്നും ഇരുവരും നിരപരാധികളാണെന്നും കുടുംബം പറയുന്നു. യാസിന്‍ അടുത്തിടെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതിനാല്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.

അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്ത് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. 'എന്റെ ഇളയ സഹോദരനെ ഒരു വാര്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു, എന്റെ കുടുംബത്തെ അവനെ കാണാന്‍ ആദ്യം അനുവദിച്ചില്ല. എന്റെ അമ്മ അവനെ കണ്ടപ്പോള്‍ അവന്‍ പേടിച്ച് കൈകൂപ്പി നില്‍ക്കുകയായിരുന്നു. വീട്ടിലേക്ക് കൊണ്ട് പോകാന്‍ ആവശ്യപ്പെട്ട് കുട്ടി കരയുകയായിരുന്നു'. റിസ്‌വാന്റെ സഹോദരന്‍ അസ്ഹര്‍ 'മക്തൂബ്'് ന്യൂസിനോട് പറഞ്ഞു.

അരയില്‍ കയര്‍ കെട്ടിയ നിലയിലായിരുന്നു ഇവരെ കോടതിയില്‍ ഹാജരാക്കിയത്. റിസ്വാന്റെ കുടുംബം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും മോചിപ്പിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെടുകയായിരുന്നു.

മഹാവീര്‍ അഖാര റാലിക്കിടെ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ബര്‍ഹാരിയയിലെ തെരുവുകളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് പ്രവേശിച്ചതോടെ ഹിന്ദുത്വര്‍ മുസ് ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും അശ്ലീല ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുകയായിരുന്നു. വാളുകളും വടികളും ഉയര്‍ത്തിപ്പിടിച്ചാണ് ഹിന്ദുത്വര്‍ റാലി നടത്തിയത്.

Tags:    

Similar News