കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ബിഹാറില്‍ യുവാവിനെ തല്ലിക്കൊന്നു

Update: 2021-01-08 17:46 GMT

പട്ന: ബിഹാറില്‍ കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. 36 കാരനായ ശ്യമാനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പൂര്‍ണിയ ജില്ലയിലെ കൃത്യാനന്ദ് പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള കാഡ്ഗാമ ഗ്രാമത്തില്‍ ഇന്നലെയാണ് ആക്രമസംഭവങ്ങള്‍ നടന്നത്.

മര്‍ദേനമേറ്റവരില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു.കാഴ്ചശക്തി നഷ്ടപ്പെടുമെന്നും ഡോക്‌റര്‍മാര്‍ പറഞ്ഞു. 40 കാരനായ മനോജ് യാദവ്, 25 കാരനായ കൈലാഷ് സാഹ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടുപേരും സര്‍ദാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീനഗറിലെ ദേവിനഗര്‍ ഗ്രാമത്തില്‍ താമസിക്കുന്നയാളാണ് മനോജ്. മരിച്ചയാളും പരിക്കേറ്റ മറ്റ് ആളുകളും അരാരിയ ജില്ലയിലെ റാണിഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള കോസ്‌കാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ശ്യാമാനന്ദ് മരിച്ചു. മരിച്ച നിലയിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ് മോര്‍ച്ച് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.