ബിഹാറില്‍ ആര്‍ജെഡി വിട്ട ദലിത് നേതാവിനെ വെടിവച്ചു കൊന്നു

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്ന വീഡിയോ പുറത്ത്

Update: 2020-10-04 16:43 GMT

പറ്റ്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ആര്‍ജെഡി(രാഷ്ട്രീയ ജനതാദള്‍) വിട്ട ദലിത് നേതാവിനെ വെടിവച്ച് കൊന്നു. പൂര്‍ണിയ ജില്ലയിലെ ശക്തി മാലികിനെയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വെടിവച്ചു കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം പൂര്‍ണിയയിലെ ശക്തി മാലിക്കിന്റെ വീട്ടില്‍ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചെന്നും അക്രമികള്‍ ഓടി രക്ഷപ്പെട്ടെന്നും പോലിസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് നാടന്‍ പിസ്റ്റളും വെടിയുണ്ടയും കണ്ടെത്തിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ മണ്ഡല്‍ പറഞ്ഞു. പോലിസ് സൂപ്രണ്ട് വിശാല്‍ ശര്‍മ, സര്‍ദാര്‍ സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ ആനന്ദ് പാണ്ഡെ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

    അതേസമയം, ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്ന ശക്തി മാലികിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് കൊലപാതകമെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും ശക്തി മാലികിന്റെ ഭാര്യ ആരോപിച്ചു. ആര്‍ജെഡിയുടെ തേജസ്വി പ്രസാദ് യാദവ് സീറ്റ് നല്‍കണമെങ്കില്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞപ്പോള്‍ തേജസ്വി യാദവ് ജാതിവാദ പരാമര്‍ശം നടത്തിയെന്നും തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ആര്‍ജെഡി എസ് സി/എസ്ടി സെല്‍ സംസ്ഥാന പ്രസിഡന്റിനോടൊപ്പമാണ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തിയതെന്നും റാണിഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാന്‍ 50 ലക്ഷം ആവശ്യപ്പെട്ടെന്നുമാണ് വീഡിയോയില്‍ ശക്തി മാലിക് പറയുന്നത്.

    പൂര്‍ണ ആസ്ഥാനമായുള്ള ഒരു ടെലിവിഷന്‍ ചാനലിനോട് ശക്തി മാലിക് ഇക്കാര്യം വ്യക്തമാക്കിയതെങ്കിലും എപ്പോഴാണ് ഇത് പറഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും നിരവധി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ശക്തി മാലിക്കിന്റെ ഭാര്യ ആരോപിച്ചു.

    അതേസമയം, ശക്തി മാലിക് ഒരു മഹാദലിതനാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പ്രസ്താവനകള്‍ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്നും ജെഡിയു വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു. പണവും സ്ഥലവും വാങ്ങി ആര്‍ജെഡി നേതാക്കള്‍ പാര്‍ട്ടി ടിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന ആരോപണം പുതിയതല്ലെന്നും അദ്ദേഹം ആരോപിച്ചു. ആര്‍ജെഡി നേതൃത്വത്തിന്റെ മോശം പെരുമാറ്റം കാരണം ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതാന്‍ റാം മാഞ്ജിക്ക് മഹാ സഖ്യം വിടേണ്ടിവന്നതും ഇപ്പോഴത്തെ സംഭവവും തേജസ്വി യാദവിന്റെ ദലിതരോടുള്ള സമീപനം തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മുതിര്‍ന്ന ആര്‍ജെഡി നേതാക്കളുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ദലിത് നേതാവ് കൊല്ലപ്പെട്ടതും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിക്കു നേരെ ആരോപണമുയരുന്നതും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വരുംദിവസങ്ങളില്‍ ചര്‍ച്ചയാവുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Bihar Leader Who Accused Tejashwi Yadav Of Cash-For-Ticket Shot Dead





Tags: