പട്ന: നവംബര്‍ മൂന്നിന് നടക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കും. സീമാഞ്ചല്‍ മേഖല അടക്കം 17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് ഇന്ന് വൈകുന്നേരത്തോടെ പ്രചാരണം അവസാനിക്കുക. ആകെ 1463 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഇതില്‍ 1316 പുരുഷന്മാരും 146 സ്ത്രീകളുമുണ്ട്. ജനവിധി തേടുന്ന പ്രമുഖരില്‍ ആര്‍.ജെ.ഡി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസിന്റെ താരിഖ് അന്‍വര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
സീമാഞ്ചല്‍ മേഖലകളിലെ വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, ദര്‍ബംഗ, മധുബനി, ആരാറിയ, പുര്‍ണിയ, കിഷന്‍ഗഞ്ച്, കത്തിഹാര്‍ എന്നിവയും സമസ്തിപൂര്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍ എന്നീ ജില്ലകളിലുമാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പട്ന സാഹിബില്‍ നിന്നുള്ള നന്ദ കിഷോര്‍ യാദവ്, മധുബാനില്‍ നിന്നുള്ള റാണ രന്ധീര്‍ സിംഗ്, നളന്ദയില്‍ നിന്നുള്ള ശ്രാവണ്‍ കുമാര്‍, ഹത്വയില്‍ നിന്നുള്ള രാംസേവക് സിംഗ് കുംഹാരില്‍ നിന്നുള്ള അരുണ്‍ സിന്‍ഹ, ചെറിയ ബരിയാര്‍പൂരില്‍ നിന്നുള്ള മഞ്ജുവര്‍മ, രഘോപൂരില്‍ നിന്നുള്ള തേജശ്വി യാദവ്, ഹസന്‍പൂരില്‍ നിന്നുള്ള തേജ് പ്രതാപ് യാദവ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ രംഗത്തുണ്ട്.
ബിഹാറില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനാണ്. മൂന്നാംഘട്ടം നവംബര്‍ ഏഴിനും. നവംബര്‍ 10ന് ഫലം പ്രഖ്യാപിക്കും. ജെഡിയു, ബിജെപി, വിഐപി, എച്ച്എഎം എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യവും ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ട മഹാസഖ്യവും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. എംഐഎം നേതാവ് ഒവൈസിയുടെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യവും പപ്പു യാദവിന്റെ സഖ്യവുമടക്കം നാല് സഖ്യങ്ങളാണ് ഗോദയിലുള്ളത്.
