ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആറ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ട എംഐ-17 വി5 ഹെലികോപ്ടര്‍ അപകടം തങ്ങളുടെ വന്‍ അബദ്ധമായിരുന്നുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ ഭദൗരിയയുടെ കുറ്റസമ്മതം. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായെന്നും ഞങ്ങളുടെ മിസൈല്‍ സ്വന്തം കോപ്ടറില്‍ പതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കും. വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടായ വന്‍ അബദ്ധമാണ് ഇതെന്ന് അംഗീകരിക്കുന്നു. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് വ്യോമസേന അന്വേഷണ കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് യുദ്ധഭീതി നിലനില്‍ക്കുമ്പോഴാണ് 2019 ഫെബ്രുവരി 27ന് എംഐ-17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയെന്നോണം ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ഭാഗത്തേക്ക് യുദ്ധവിമാനങ്ങള്‍ അയച്ച് പാകിസ്താന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് എംഐ-17 വി5 ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണത്. ബഡ്ഗാമിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് ഇന്ത്യന്‍ വ്യോമസേനാംഗങ്ങളാണ് മരണപ്പെട്ടത്. ഇന്ത്യയുടെ തന്നെ വ്യോമ പ്രതിരോധ മിസൈലാണ് കോപ്റ്റര്‍ തകര്‍ത്തതാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
