ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍

Update: 2021-02-25 10:06 GMT

ന്യൂഡല്‍ഹി: നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാര സംഘടനകള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി), ഇന്ധന വില വര്‍ധന, ഇ-വേ ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. റോഡ് ഉപരോധിക്കുമെന്നും ഇവര്‍ അറിയിച്ചു.

ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവനനികുതിയില്‍ നിരവധി അപാകതകള്‍ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടി ഇല്ലാത്തത് കൊണ്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംഘാടകര്‍ അറിയിച്ചു.

രാജ്യത്തെ 40,000 വ്യാപാരി സംഘടനകള്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കടകളും അടഞ്ഞുകിടക്കാനാണ് സാധ്യത. ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും നടക്കില്ല. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ചില സംഘടനകള്‍ ഭാരത് ബന്ദില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ ഐ എം ടി സി), ഭയ്ചര ഓള്‍ ഇന്ത്യ ട്രക്ക് ഓപറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.




Similar News