പൗരത്വ ഭേദഗതി ബില്ല് അപകടകരമെന്ന് ബൈച്ചുങ് ഭൂട്ടിയ

Update: 2019-12-07 18:14 GMT

ഗാങ്‌ടോക്ക്: രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ ശക്തമായ എതിര്‍പ്പുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ഭൂട്ടിയ രംഗത്ത്. ബില്ല് അപകടകരമാണെന്നും താനും ഹംറോ സിക്കിം പാര്‍ട്ടിയും നിയമനിര്‍മാണത്തെ പൂര്‍ണമായും എതിര്‍ക്കുമെന്നും ഭൂട്ടിയ പറഞ്ഞു. പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപരമായ പീഡനം നേരിടുന്ന അമുസ്‌ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് ബില്‍ ശ്രമിക്കുന്നത്. എന്നാല്‍, പൗരത്വ ഭേദഗതി ബില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിക്കിമിനെ ബാധിക്കും. 'ഞങ്ങള്‍ ബംഗ്ലാദേശുമായി വളരെ അടുത്താണ്, ബംഗാളിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ധാരാളം പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സിക്കിമിനെ പോലും ബില്ല് ബാധിക്കാമെന്ന് ബൈച്ചുങ് ഭൂട്ടിയ പറഞ്ഞു. 43 കാരനായ ഭൂട്ടിയയാണ് ഹംറോ സിക്കിം പാര്‍ട്ടിയുടെ സ്ഥാപകന്‍.

    പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപരമായ പീഡനം നേരിടുന്ന അമുസ്‌ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറയുന്ന ബില്ല് വിവേചനപരവും വര്‍ഗീയപരവുമാണെന്ന വിമര്‍ശനം ശക്തമാണ്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപി വിലകുറഞ്ഞതും ഇടുങ്ങിയതുമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ഇത്തരം നടപടികള്‍ ചെയ്യുന്നതെന്ന് ആരോപിച്ചിരുന്നു.

    വടക്കുകിഴക്കന്‍ മേഖലയിലെ മറ്റ് ബിജെപി സഖ്യകക്ഷികളുടെ മാതൃക പിന്തുടരുകയും പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുകയും ചെയ്യുമെന്ന് ബിജെപി സിക്കിം സര്‍ക്കാരിലെ സഖ്യകക്ഷിയായ സിക്കിം ക്രാന്റികാരി മോര്‍ച്ചയും അറിയിച്ചു. ഇക്കാര്യത്തില്‍ സിക്കിം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഹംറോ സിക്കിം പാര്‍ട്ടി തയ്യാറാണെന്നും ആവശ്യമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിലേക്കും കത്തെഴുതാമെന്നും ബൈച്ചുങ് ഭൂട്ടിയ പറഞ്ഞു. 'സിക്കിമില്‍ ഞങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 371(എഫ്) ഉണ്ട്, ഞങ്ങള്‍ക്ക് നമ്മുടെ ഭരണഘടനയുണ്ട്, ഞങ്ങള്‍ക്ക് സിക്കിം സബ്ജക്റ്റ് ആക്റ്റും ഉണ്ട്. അതിനാല്‍ യഥാര്‍ഥത്തില്‍ അഭയാര്‍ഥികളാക്കപ്പെട്ടവര്‍ക്ക് ശരിയായ തിരിച്ചറിയല്‍ രേഖ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. എന്‍ആര്‍സിക്ക് പകരമായി സിക്കിം സബ്ജക്റ്റ് ഐഡന്റിഫിക്കേഷന്‍ വളരെ വലിയ രീതിയില്‍ നടപ്പാക്കാനാവും. ഇന്നത്തെ വെല്ലുവിളി വിദേശികള്‍ മാത്രമല്ല, സിക്കിമിന് പുറത്തുനിന്നുള്ള ആളുകളുമാണെന്നു അദ്ദേഹം പറഞ്ഞു. എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ച പറഞ്ഞതിനു പിന്നാലെ പലയിടത്തും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.





Tags:    

Similar News