ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ജലമേള; കയാക്കിങ്, കനേയിങ്, പായ് വഞ്ചിയോട്ടം മല്‍സരങ്ങള്‍

Update: 2021-11-10 04:05 GMT

കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ.തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബേപ്പൂര്‍ മറീന ജെട്ടിയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് വാട്ടര്‍ ഫെസ്റ്റ് നടത്തുന്നത്.

വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് നടത്തുന്ന ഫെസ്റ്റിന് ബേപ്പൂര്‍ മറീന ജെട്ടി കേന്ദ്രീകരിച്ചാണ് വേദി ഒരുക്കുക. ബേപ്പൂര്‍ മറീനയില്‍ നിന്നു തുടങ്ങി ഫറോക്ക് പാലം വരെയാകും ജലമത്സരങ്ങള്‍. ബേപ്പൂര്‍ പുലിമുട്ട് മുതല്‍ 10 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുക. കയാക്കിങ്, കനേയിങ്, പായ് വഞ്ചിയോട്ടം, റോയിങ് സ്റ്റാന്‍ഡിങ് അപ് പാഡിങ് തുടങ്ങിയ ഇനങ്ങളില്‍ മത്സരവും ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നീ കേന്ദ്രസേനകളുടെ അഭ്യാസ പ്രകടനങ്ങളും മത്സ്യത്തൊഴിലാളികളുടെ ബോട്ട് പരേഡും ഉണ്ടാകും. എല്ലാ ദിവസങ്ങളിലും കലാപരിപാടികളും ഗസല്‍ ഉള്‍പ്പെടെ സംഗീത നിശയും അരങ്ങേറും. എല്ലാ വിഭാഗമാളുകള്‍ക്കും ആസ്വാദ്യകരമായ ഫ്‌ളോട്ടിങ് സംഗീത പരിപാടികള്‍, ലൈറ്റ്‌ഷോകള്‍ തുടങ്ങിയവയും നടത്തും.

സിനിമ കലാ സാഹിത്യ രംഗത്തെ പ്രശസ്തരും പരിപാടിയുടെ ഭാഗമാകും. വെള്ളത്തിലൊഴുകുന്ന ദീപാലംകൃത വേദിയി(ഫ്‌ളോട്ടിങ് സ്‌റ്റേജ് )ലാകും ഉദ്ഘാടന ചടങ്ങുകളും കലാപരിപാടികളും അരങ്ങേറുക. ഇതിനു പുറമെ മലബാറിന്റെ രുചി വൈവിധ്യങ്ങളറിയാന്‍ അവസരമൊരുക്കുന്ന ഫുഡ് ഫെസ്റ്റ്, കരകൗശല സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് മേള, ബേപ്പൂരിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഉരുവിന്റെ പ്രത്യേക എക്‌സിബിഷന്‍ തുടങ്ങിയവയുമുണ്ടാകും.

ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫിസ് പ്രവര്‍ത്തനമാരംഭിക്കുന്ന ഹാര്‍ബര്‍ എഞ്ചിനീയറിംങ് വിഭാഗം കാര്യാലയം, പുലിമുട്ട് തുടങ്ങിയ സ്ഥലങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. സബ് കലക്ടര്‍ വി.ചെല്‍സ സിനി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് നവംബര്‍ 13ന് വൈകീട്ട് ആറിന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

Tags:    

Similar News