ആര്‍എസ്എസിന്റെ ഇമാം അവതാരങ്ങളെ കരുതിയിരിക്കുക: ഇമാംസ് കൗണ്‍സില്‍

ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കും ഇസ്‌ലാമിക സമൂഹത്തിന്റെ അസ്തിത്വപരവും ആദര്‍ശപരവുമായ സംരക്ഷണത്തിനും വേണ്ടി മുസ്‌ലിം പണ്ഡിതന്മാരും സമുദായ നേതാക്കളും മഹല്ല് ഭാരവാഹികളും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും സംഘപരിവാര്‍ അനുകൂല പ്രചാരണം നടത്തുന്ന വ്യാജ ഇമാമുമാരെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Update: 2019-07-23 09:52 GMT

തിരുവനന്തപുരം: ആള്‍ക്കൂട്ട തല്ലിക്കൊലകളിലൂടെ മുസ്‌ലിംകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ വ്യാപക ശ്രമം തുടരവെ ഹിന്ദുത്വ ഭീകര ശക്തികള്‍ വ്യാജ ഇമാമുമാരെ രംഗത്തിറക്കി നടത്തുന്ന പ്രീണന യുദ്ധങ്ങളെ കരുതിയിരിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.

ആര്‍എസ്എസിന് കീഴിലുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ആസൂത്രകന്‍ ഇന്ദ്രേഷ് കുമാറിന്റെ അടുത്ത വിശ്വസ്തനും ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാന്‍ മോദി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സൂഫി സമ്മേളനത്തിന്റെ പ്രധാന സംഘാടകനുമായ ഉമര്‍ അഹമ്മദ് ഇല്യാസി, ഡല്‍ഹി ഇമാം എന്ന വ്യാജേന അടുത്ത ദിവസങ്ങളിലായി കേരളത്തിലെത്തി ന്യൂനപക്ഷ മതവിഭാഗങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിവരികയാണ്.

ഇതിനു മുമ്പും ഇയാള്‍ ആര്‍എസ്എസ് ദൂതനുമായി കേരളത്തിലെത്തി ചില മുസ്‌ലിം നേതാക്കളെ സന്ദര്‍ശിച്ചിട്ടുണ്ട്. പലവട്ടം ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുള്ള ഇയാള്‍ക്ക് ഇസ്രായേലുമായും ആര്‍എസ്എസ് നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്.

ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് കുടില തന്ത്രങ്ങളിലൂടെ മുസ്‌ലിം പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും വ്യാജ ഇമാമുമാരെ കണ്ടെത്തി സ്‌പോണ്‍സര്‍ ചെയ്യുന്ന തിരക്കിലാണ് സംഘ പരിവാര്‍ കേന്ദ്രങ്ങള്‍. സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തെയും സമുദായത്തെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത പണ്ഡിതവേഷധാരികളും നേതാക്കളും തങ്ങന്മാരുമെല്ലാം എക്കാലത്തുമെന്ന പോലെ ഇക്കാലത്തും ഉണ്ടായെന്നു വരും.

ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കും ഇസ്‌ലാമിക സമൂഹത്തിന്റെ അസ്തിത്വപരവും ആദര്‍ശപരവുമായ സംരക്ഷണത്തിനും വേണ്ടി മുസ്‌ലിം പണ്ഡിതന്മാരും സമുദായ നേതാക്കളും മഹല്ല് ഭാരവാഹികളും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും സംഘപരിവാര്‍ അനുകൂല പ്രചാരണം നടത്തുന്ന വ്യാജ ഇമാമുമാരെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Tags:    

Similar News