ബര്‍ലിനില്‍ ഉപരി പഠന ഫെലോഷിപ്പ്; അഭിമാന നേട്ടവുമായി മുഹമ്മദ് അലി

വയനാട്ടില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത്.

Update: 2020-09-06 06:49 GMT

പി സി അബ്ദുല്ല

കല്‍പറ്റ: വയനാട് വെള്ളമുണ്ട സ്വദേശിയായ യുവാവിന് ബര്‍ലിന്‍ സര്‍വ്വകലാശാലയുടെ ഉന്നത വിദ്യാഭ്യാസ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ്. വെള്ളമുണ്ട പുത്തൂര്‍  ഉസ്മാന്‍-റംല ദമ്പതികളുടെ മകന്‍ മുഹമ്മദലി(27) ക്കാണ് ഈ അപൂര്‍വ്വ സൗഭാഗ്യം. വയനാട്ടില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുഹമ്മദലി യാത്രാ രേഖകള്‍ ശരിയായാല്‍ ഉടന്‍ ജര്‍മനിയിലേക്ക് പോവും. 


ജര്‍മന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ് മൂന്നു വര്‍ഷത്തെ ഫെല്ലോഷിപ്പിന് മുഹമ്മദലിയെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ യുജിസിക്കു സമാനമായ ജര്‍മനിയിലെ 'ഡാഡി'ന്റെ കീഴില്‍ ബര്‍ലിന്‍ സര്‍വ്വ കലാശാലയുടെ സാംസ്‌കാരിക വിഭാഗത്തിലാണു ഗവേഷണത്തിനു പ്രവേശനം ലഭിച്ചത്.

വെള്ളമുണ്ടയിലെ ഇടത്തരം കുടുംബാംഗമായ മുഹമ്മദലി ഹൈദരാബാദ് സെന്‍ട്രല്‍ യുനിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ യും എംഫിലും പൂര്‍ത്തിയാക്കിയിരുന്നു. സാമൂഹിക സമാധാനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ വഹിക്കുന്ന പങ്ക് എന്ന വിഷയത്തിലാണ് മുഹമ്മദലി ഹൈദരാബാദ് സര്‍വ്വ കലാശാലയില്‍ നിന്നും എംഫില്‍ നേടിയത്.

ബര്‍ലിന്‍ സര്‍വ്വ കലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് മുസ്‌ലിം കള്‍ച്ചറല്‍ എന്ന സ്ഥാപനമാണ് മുഹമ്മദലിക്ക് മൂന്നു വര്‍ഷത്തെ ഉപരി പഠന, ഗവേഷണ സൗകര്യമൊരുക്കുക. 

Tags: