അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത് വര്‍ധിച്ചത് 2986 ശതമാനം

Update: 2024-04-25 17:41 GMT

ബെംഗളൂരു: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിജെപിയുടെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ സമ്പത്തില്‍ 2986 ശതമാനം വളര്‍ച്ചയുണ്ടായതായി ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സംഘടന നടത്തിയ ഡാറ്റാ ഗവേഷണത്തില്‍ കണ്ടെത്തി. ബെംഗളൂരുവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സമ്പത്ത് വളര്‍ച്ചാ നിരക്കുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ 1009 ശതമാനം സമ്പത്ത് വളര്‍ച്ചയുമായി ബിജെപിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ബംഗളൂരുവോട്ട്‌സ് ഡോട്ട് ഓര്‍ഗ് എന്ന പൗരാവകാശ സംഘടനയാണ് വിവരശേഖരണം നടത്തിയത്. 76 ശതമാനം സമ്പത്ത് വളര്‍ച്ചയുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താണ്. ബിജെപി അംഗങ്ങളുടെ ശരാശരി സമ്പത്ത് 49.4 കോടി രൂപയാണെങ്കില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ശരാശരി സമ്പത്ത് 206.7 കോടി രൂപയാണ്.



കര്‍ണാടക സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെന്‍ട്രല്‍, ബെംഗളൂരു റൂറല്‍ എന്നീ നാല് മണ്ഡലങ്ങളില്‍ മല്‍സരിച്ച വിവിധ പാര്‍ട്ടികളുടെ നോമിനികളില്‍ ബിജെപിയുടെ തേജസ്വി സൂര്യയുടെ സമ്പത്ത് പരമാവധി 2986 ശതമാനമാണ് വര്‍ധിച്ചത്. കോണ്‍ഗ്രസ് ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥി ഡി കെ സുരേഷിന്റെ സ്വത്ത് 76 ശതമാനം വര്‍ധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പ്രകാരം കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ സ്വത്തില്‍ 33 ശതമാനം വളര്‍ച്ചയാണുണ്ടായത്. ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിലാണ് കരന്ദ്‌ലജെ മത്സരിക്കുന്നത്.

Tags: