ബംഗളൂരു സംഘര്‍ഷം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; മുന്‍ മേയര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയില്‍

Update: 2020-10-14 01:17 GMT

ബംഗളൂരു: പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു ഈസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മുന്‍ മേയറും സിറ്റിങ് കോര്‍പറേറ്ററുമായ സമ്പത്ത് രാജ്, മറ്റൊരു സിറ്റിങ് കോര്‍പറേറ്റര്‍ സാകിര്‍ ഹുസയ്ന്‍ എന്നിവരാണ് പ്രാഥമിക കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുകളുള്ള കുറ്റപത്രത്തില്‍ സമ്പത്ത് രാജും സാകിര്‍ ഹുസയ്‌നും യഥാക്രമം 51, 52 പ്രതികളാണ്. നേരത്തേ കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കലീം പാഷയെ അറസ്റ്റ് ചെയ്തിരുന്നു. കലാപമുണ്ടാക്കാന്‍ സമ്പത്ത് രാജും അദ്ദേഹത്തിന്റെ പേഴ്സനല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍, സാകിര്‍ എന്നിവരും പ്രേരിപ്പിച്ചതിന് മതിയായ തെളിവുകളുണ്ടെന്ന് പോലിസ് ആരോപിച്ചു.

    ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നേരത്തേ രണ്ടു തവണ സമ്പത്ത് രാജിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. അതേസമയം, ബംഗളൂരു സംഘര്‍ഷം കോണ്‍ഗ്രസിനെതിരായ ആയുധമായി ബിജെപി മാറ്റുകയാണെന്നും ആസൂത്രിത നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

    2020 ആഗസ്ത് 11ന് രാത്രിയാണ് ഡിജെ ഹള്ളി, കെജി ഹള്ളി പോലിസ് സ്റ്റേഷന്‍ പരിധികളിലായി അക്രമം അരങ്ങേറിയത്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന്‍ പി നവീന്‍കുമാര്‍ പ്രവാചകനെ നിന്ദിക്കുന്ന വിധത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനെതിരേ പ്രദേശവാസികള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് വെടിവയ്പും അക്രമവും നടത്തുകയായിരുന്നു. വെടിവയ്പില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടും ഡിജെ ഹള്ളി പോലിസ് സ്റ്റേഷനും നിരവധി വാഹനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 61 കേസുകളില്‍ എസ് ഡിപിഐ നേതാവ് മുസമ്മില്‍ പാഷ ഉള്‍പ്പെടെ 421 പേരാണ് അറസ്റ്റിലായത്. സംഘര്‍ഷം ഒഴിവാക്കാന്‍ മുസമ്മില്‍ പാഷ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നെങ്കിലും പോലിസ് പ്രതിചേര്‍ക്കുകയായിരുന്നു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനു പുറമെ യുഎപിഎ ചുമത്തപ്പെട്ട രണ്ടു കേസുകള്‍ എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്.

Bengaluru riots charge sheet names ex-mayor Sampath Raj, another Congress leader as accused




Tags: