ബംഗാളിലെ രാമനവമി സംഘര്‍ഷം: അന്വേഷണം എന്‍ ഐഎയ്ക്ക് കൈമാറണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

Update: 2023-04-27 09:16 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. ബംഗാള്‍ പോലിസ് അന്വേഷിച്ച കേസിലെ സിസിടിവി ദൃശ്യങ്ങളടക്കം എല്ലാരേഖകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൗറയിലെ ശിവ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്കും വീടുകള്‍ക്കും നേരെയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. കടകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഹൂബ്ലിയിലും ദല്‍ഖോലയിലും സംഘര്‍ഷങ്ങള്‍ ഉണ്ടായി. സംഘര്‍ഷങ്ങളില്‍ പരസ്പരം ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് തൃണമൂലും ഭരണകക്ഷിയാണ് പിന്നിലെന്ന് ആരോപിച്ച് ബിജെപിയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ബി.ജെ.പി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു. അന്വേഷണം സംസ്ഥാനത്ത് നടന്നാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്ന് ബിജെപിക്ക് അറിയാം എന്നായിരുന്നു അഭിഷേകിന്റെ ആരോപണം.

Tags:    

Similar News