പോളിങ് ഓഫിസര്‍ വോട്ടിങ് മെഷീനുമായി നേതാവിന്റെ വീട്ടില്‍ ഉറങ്ങി

Update: 2021-04-06 05:59 GMT

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ബന്ധുവിന്റെ വീട്ടില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു(ഇവിഎം)മായി രാത്രി ഉറങ്ങിയത് വിവാദമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വോട്ടെടുപ്പില്‍ പ്രസ്തുത ഇവിഎമ്മും വിവിപാറ്റും ഉപയോഗിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉലുബീരിയ ഉത്തറിലെ ഹൗറ സെക്ടര്‍ 17ലെ എസി 177 ഡെപ്യൂട്ടി ഓഫിസറായ തപന്‍ സര്‍ക്കാരാണ് തന്റെ ബന്ധു കൂടിയായ രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ ഉറങ്ങിയത്. വീട്ടില്‍ നിന്ന് ഒരു റിസര്‍വ് ഇവിഎം കണ്ടെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാവും.

    സെക്ടര്‍ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ കടുത്ത ലംഘനമാണിതെന്നും അധികൃതര്‍ അറിയിച്ചു. പൊതു നിരീക്ഷകന്‍ നീരജ് പവന്‍ ഇവിഎമ്മിന്റെ എല്ലാ മുദ്രകളും പരിശോധിച്ചു. യന്ത്രം പ്രത്യേക മുറിയില്‍ നിരീക്ഷകന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. നേരത്തേ, ദിവസങ്ങള്‍ക്കു മുമ്പ് അയല്‍ സംസ്ഥാനമായ അസമിലെ ബിജെപി നേതാവിന്റെ സ്വകാര്യ വാഹനത്തില്‍ ഇവിഎം കണ്ടെത്തിയത് വിവാദമായിരുന്നു.

Bengal Poll Officer Sleeps Over At Trinamool Leader's Home With EVM

Tags:    

Similar News