ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്; ഉന്നത വിദ്യാഭ്യാസത്തിന് ഈടില്ലാതെ 10 ലക്ഷം വരെ വായ്പ, പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഐഐടി, ഐഐഎം, സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാവും ഇതിന്റെ ഗുണഫലം ലഭിക്കുക. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതി നടപ്പാക്കിയ കാര്യം പ്രഖ്യാപിച്ചത്.
കൊല്‍ക്കത്ത: ഈടില്ലാതെ ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്‌കീം പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഉന്നത വിദ്യാഭ്യാസത്തിന് പുറമേ ദേശീയ തലത്തില്‍ മല്‍സര പരീക്ഷകള്‍ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് നല്‍കും. ഐഐടി, ഐഐഎം, സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാവും ഇതിന്റെ ഗുണഫലം ലഭിക്കുക. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതി നടപ്പാക്കിയ കാര്യം പ്രഖ്യാപിച്ചത്.
നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലെ പത്ത് പ്രധാന ഉറപ്പുകളിലൊന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ്. ധനസഹായത്തിന്റെ അഭാവം മൂലം ബംഗാള്‍ സംസ്ഥാനത്തുനിന്നുള്ള ഒരു വിദ്യാര്‍ഥിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഇത് സഹായകമാവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരാണ് ഇത്തരത്തില്‍ നല്‍കുന്ന വായ്പയ്ക്ക് ഗ്യാരന്റി നില്‍ക്കുന്നത്. മറ്റൊരു ഗ്യാരന്റിയുമില്ല.
പദ്ധതി നടപ്പാക്കുന്നതോടെ ഉള്ള സമ്പാദ്യം വിറ്റും വലിയ പലിശയ്ക്ക് വായ്പയെടുത്തും വിദ്യാഭ്യാസം നേടുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് പ്രകാരം 10 വര്‍ഷമായി ബംഗാളില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ഇന്ത്യയിലോ വിദേശത്തോ ഉന്നതപഠനത്തിനായി വായ്പ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. 40 വയസുവരെ ഒരാള്‍ക്ക് ഇത്തരത്തില്‍ വായ്പ നേടാം. 15 വര്‍ഷത്തെ തിരിച്ചടവ് കാലത്ത് തുച്ഛമായ പലിശ മാത്രമാണ് ഇതിന് ഈടാക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ഇനി സാമ്പത്തിക ബുദ്ധിമുട്ട് ഒരു തടസ്സമാവരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമേ സ്‌കൂള്‍ തലത്തില്‍ ഇപ്പോള്‍ നല്‍കിപ്പോരുന്ന സ്‌കോളര്‍ഷിപ്പുകളും തുടരും.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുള്‍പ്പെടെ ചില സ്വകാര്യബാങ്കുകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു സ്ഥിരനിക്ഷേപത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സുരക്ഷിത കാര്‍ഡും വാഗ്ദാനം ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നേരത്തെ തന്നെ രാജ്യത്ത് അവതരിപ്പിച്ചതാണ്. പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന സര്‍ക്കാരുകളിലൊന്നാണ് ബംഗാള്‍. ബിഹാര്‍ സര്‍ക്കാരും പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.

