ബിജെപിയുടെ പ്രതിഷേധം; നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി, ബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍

ഇത് ബിജെപിയുടെ തന്ത്രമാണെന്നും ഗവര്‍ണറുടെ പ്രസംഗം പൂര്‍ണമായും നിയമസഭയില്‍ അവതരിപ്പിക്കാതിരിക്കാനുളള ശ്രമമായിരുന്നെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രതിഷേധം.

Update: 2021-07-02 11:03 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനുശേഷം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ബംഗാളിലെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനംതന്നെ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷമായ ബിജെപി എംഎല്‍എമാരുടെ ശക്തമായ ബഹളത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഘര്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബഹളം കാരണം 10 മിനിറ്റ് മാത്രമാണ് ഗവര്‍ണറുടെ പ്രസംഗമുണ്ടായിരുന്നത്. ബിജെപി എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഒപ്പം 'ജയ് ശ്രീറാം' വിളികളുമായി ബംഗാള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങിയത്. ബഹളം തുടര്‍ന്നതോടെയാണ് ധന്‍ഘര്‍ പാതിവഴിയില്‍ പ്രസംഗവായന നിര്‍ത്തിയത്.

സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അദ്ദേഹത്തെ വാഹനത്തിനടുത്തുവരെ അനുഗമിച്ചു. ഇത് ബിജെപിയുടെ തന്ത്രമാണെന്നും ഗവര്‍ണറുടെ പ്രസംഗം പൂര്‍ണമായും നിയമസഭയില്‍ അവതരിപ്പിക്കാതിരിക്കാനുളള ശ്രമമായിരുന്നെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രതിഷേധം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എംഎല്‍എമാര്‍ സഭാ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി.

മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായാണ് പ്രധാനമായും മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് അഞ്ചുമിനിട്ടോളം ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തിവെച്ചു. വീണ്ടും പ്രസംഗം ആരംഭിച്ചെങ്കിലും ബിജെപിയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമായി. തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തി നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഈ സമയം ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നെങ്കിലും അവരും ഗവര്‍ണര്‍ക്ക് പിന്നാലെ വാക്കൗട്ട് നടത്തി. ഉച്ചകഴിഞ്ഞ് 3.30ന് നിയമസഭ വീണ്ടും ചേരുമെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ പല സംഭവങ്ങളുമായി ബന്ധപ്പെട്ട് ബംഗാള്‍ ഗവര്‍ണറും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മൂന്നുവര്‍ഷത്തിലേറെയായി തര്‍ക്കത്തിലാണ്.

വ്യാജ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപുകള്‍, 1996 ലെ ഹവാലാ അഴിമതി, തൃണമൂലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള അക്രമം എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരുവരും ഏറ്റുമുട്ടി. അതിനിടെ മുന്‍വര്‍ഷത്തെ പോലെ ഇത്തവണയും സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രസംഗം സംസ്ഥാന കാബിനറ്റ് പാസാക്കിയതാണെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതിന് നല്‍കിയ മറുപടി.

നയപ്രഖ്യാപനപ്രസംഗത്തില്‍ ബംഗാളിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി മമതയ്‌ക്കെതിരേ ഗവര്‍ണര്‍ ആഞ്ഞടിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അംഗങ്ങള്‍ക്ക് കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പില്‍ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ഇതാണ് ബിജെപിയെ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്താന്‍ നിര്‍ബന്ധിതരാക്കിയതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News