ബംഗാളില്‍ മുസ് ലിം ഭൂരിപക്ഷ മേഖലകളെ ഒഴിവാക്കി ബിജെപി പ്രചാരണം

Update: 2021-01-13 16:01 GMT

കൊല്‍ക്കത്ത: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ പ്രചാരണം പോലും നടത്തേണ്ടെന്ന് ബിജെപി തീരുമാനം. ന്യൂനപക്ഷ വോട്ടര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയാണ് ഞങ്ങള്‍ വോട്ട് വിഹിതം കണക്കാക്കുന്നതെന്നും അവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ഞങ്ങള്‍ക്കറിയാമെന്നും അതിനാല്‍ മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ പ്രചരണം നടത്താന്‍ ഊര്‍ജ്ജവും സമയവും പാഴാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കൊല്‍ക്കത്തയിലെ മുതിര്‍ന്ന ബിജെപി നേതാവ് 'ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് കര്‍ഷകരെ ബോധവല്‍ക്കരണം ചെയ്യുന്നതിനു ലക്ഷ്യമിട്ടുള്ള 'കൃഷക് സുരക്ഷാ അഭിയാന്‍' ന്യൂനപക്ഷ ആധിപത്യമുള്ള പോക്കറ്റുകളില്‍ നടത്തേണ്ടതില്ലെന്നും ബിജെപി ബംഗാള്‍ ഘടകം തീരുമാനിച്ചു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം 40,000 ഗ്രാമങ്ങള്‍ ലക്ഷ്യമിടുകയും വീടുകയറിയുള്ള പ്രചാരണം നടത്താന്‍ ആഹ്വാനം ചെയ്തപ്പോഴാണ് മുസ് ലിം വോട്ടര്‍മാര്‍ ഗതി നിര്‍ണയിക്കുന്ന മണ്ഡലങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ബംഗാളില്‍ ശക്തമായ സാന്നിധ്യമുണ്ട്. കുറഞ്ഞത് 85 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ന്യൂനപക്ഷങ്ങള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുകയും 30 ശതമാനത്തോളം വോട്ടര്‍മാരുമുണ്ട്. 2011ല്‍ മുസ്‌ലിംകള്‍ ഇടതുപക്ഷത്തില്‍ നിന്നു മാറി തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത് മമത ബാനര്‍ജിക്ക് ശക്തി വര്‍ധിപ്പിച്ചിരുന്നു.

    ബിജെപിയെ കര്‍ഷക വിരുദ്ധ പാര്‍ട്ടിയായി ഉയര്‍ത്തിക്കാട്ടുന്ന മമതയുടെ ആക്രമണത്തെ തടയിടാനാണ് പുതിയ പ്രചാരണത്തിനു തുടക്കം കുറിച്ചത്. ദേശീയ പ്രസിഡന്റ് ജെ പി നദ്ദ കഴിഞ്ഞയാഴ്ച ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലെ അഞ്ച് കര്‍ഷക കുടുംബങ്ങളില്‍ നിന്ന് അരി ശേഖരിച്ചാണ് പ്രചാരണ കാംപയിന്‍ തുടങ്ങിയത്. കാര്‍ഷിക മേഖലയെ നേരിട്ട് ആശ്രയിക്കുന്ന 72 ലക്ഷം കുടുംബങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാവുന്നതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമത ബാനര്‍ജി ഇതിനെ മുഖ്യ വിഷയമാക്കുമെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. അതിനാല്‍ തന്നെ നിയമങ്ങളുടെ ഗുണപരമായ വശങ്ങള്‍ കര്‍ഷകരിലെത്തിക്കാനാണ് പുതിയ കാംപയിന്‍ നടത്തുന്നത്. ഹൂഗ്ലി, ഹൗറ, സൗത്ത് 24 പര്‍ഗാനകള്‍, നോര്‍ത്ത് 24 പര്‍ഗാനകള്‍, മുര്‍ഷിദാബാദ്, നാദിയ തുടങ്ങിയ ജില്ലകളില്‍ വന്‍തോതില്‍ ന്യൂനപക്ഷ കര്‍ഷകരുണ്ട്. എന്നാല്‍, അവര്‍ ഞങ്ങള്‍ക്കു വോട്ടുചെയ്യാത്തതിനാല്‍ ഞങ്ങള്‍ അവരുമായി ബന്ധപ്പെടില്ലെന്ന് മറ്റൊരു ബിജെപി നേതാവ് പറഞ്ഞു.

Bengal BJP's outreach drive to bypass Muslim pockets

Tags:    

Similar News