ബിജെപി എംഎല്‍എ കടവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

2016ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ടിക്കറ്റില്‍ മല്‍സരിച്ച ദേബേന്ദ്ര നാഥ് റേ പട്ടികജാതി സംവരണ സീറ്റായ ഹേംതാബാദ് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്ക് കുറുമാറുകയായിരുന്നു.

Update: 2020-07-13 09:49 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എയെ കടവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹേമതാബാദ് എംഎല്‍എ ദേബേന്ദ്രനാഥ് റേയാണ് മൊബൈല്‍ കടയുടെ വരാന്തയില്‍ തൂങ്ങിമരിച്ചത്. തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്ന് 454 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ ദിനാജ്പൂര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എന്നാല്‍, സംഭവം കൊലപാതകമാണെന്നും തൃണമൂലിന്റെ പ്രതികാര രാഷ്ട്രീയവും ഗുണ്ടാരാജുമാണ് കാരണമെന്നും ബിജെപി ആരോപിച്ചു. എംഎല്‍എയ്ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ബംഗാളിലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. സിപിഎം ടിക്കറ്റില്‍ ജയിച്ച ദേബനാഥ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയിലേക്കു മാറിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ജില്ലാ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കട. ഇന്ന് രാവിലെ സമീപവാസികളാണ് മൃതദേഹം കണ്ടെത്തി പോലിസിനെ അറിയിച്ചത്. മരണപ്പെട്ടയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും രണ്ടുപേരെ കുറിച്ച് പരാമര്‍ശമുള്ളതായും പോലിസ് ട്വീറ്റ് ചെയ്തതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചു. അഭ്യൂഹങ്ങളില്‍ പെടരുതെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും ബംഗാള്‍ പോലിസ് വ്യക്തമാക്കി. പുലര്‍ച്ചെ ഒരു മണിയോടെ ഏതാനുംപേര്‍ വീട്ടില്‍നിന്ന അദ്ദേഹത്തെ വിളിച്ചു കൊണ്ടുപോയതായും മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും റേയുടെ അനന്തരവന്‍ ഗിരീഷ് ചന്ദ്ര റേ ആവശ്യപ്പെട്ടു. കേസ് സിബി ഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയും ആവശ്യപ്പെട്ടു.

    എന്നാല്‍, ബിജെപിയുടെ ആരോപണങ്ങളെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പ്രസിഡന്റുമായ കനൈലാല്‍ അഗര്‍വാള്‍ തള്ളി. റേയുടെ മരണകാരണം പോലിസാണ് അന്വേഷിക്കുന്നതെന്നും അതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കനൈലാല്‍ അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 2016ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ടിക്കറ്റില്‍ മല്‍സരിച്ച ദേബേന്ദ്ര നാഥ് റേ പട്ടികജാതി സംവരണ സീറ്റായ ഹേംതാബാദ് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്ക് കുറുമാറുകയായിരുന്നു.

Bengal BJP MLA Debendra Nath Ray Found Hanging In Market, Party Alleges Murder





Tags:    

Similar News