'കൈകാലുകള്‍ പൊട്ടും, തല തകരും; കൊലവിളിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

Update: 2020-11-09 05:40 GMT

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അനുകൂലിക്കുന്നവര്‍ക്കു നേരെ പരസ്യമായ കൊലവിളിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നമുണ്ടാക്കുന്ന ദീദിയുടെ സഹോദരങ്ങള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അവരുടെ ശീലങ്ങളില്‍ മാറ്റം വരുത്തണമെന്നും അല്ലാത്തപക്ഷം കൈകാലുകള്‍ പൊട്ടുമെന്നും തല തകരുമെന്നുമായിരുന്നു ഭീഷണി. ''നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും തലയും ഒടിക്കും. നിങ്ങള്‍ക്ക് ആശുപത്രികളിലേക്ക് യാത്ര പോകേണ്ടിവരും. അതിലുപരിയായി നിങ്ങള്‍ ചെയ്താല്‍ പിന്നെ ശ്മശാനത്തിലേക്കെടുക്കേണ്ടി വരും''ഹാല്‍ദിയയില്‍ നടന്ന റാലിയിലാണ് ദിലീപ് ഘോഷിന്റെ പരസ്യമായ ഭീഷണി. ദീദി എന്നറിയപ്പെടുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്ന പശ്ചിമ ബംഗാളില്‍ കടുത്ത പോരിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപ് ഘോഷിന്റെ പരാമര്‍ശം.

    തൃണമൂല്‍ സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണുന്നുവെന്ന് അവകാശപ്പെടുന്ന ഘോഷ്, സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രസേന ഉറപ്പാക്കുമെന്നും പറഞ്ഞു. 'ബീഹാറില്‍ ലാലു രാജ് ഉണ്ടായിരുന്നപ്പോള്‍ ജംഗിള്‍ രാജായിരുന്നു. അക്രമം ഒരു ദൈനംദിന കാര്യമായിരുന്നു. പക്ഷേ ഞങ്ങള്‍ ഗുണ്ടകളെ പുറത്താക്കി. ഇതിനെ ബിജെപി രാജ് എന്ന് വിളിക്കുന്നു. ഞങ്ങള്‍ ജംഗിള്‍ രാജിനെ ജനാധിപത്യത്തിലേക്ക് മാറ്റി. പശ്ചിമ ബംഗാളിലും ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'-ദിലീപ് ഘോഷ് പറഞ്ഞു.

   അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ദീദിയുടെ പോലിസിന് കീഴിലല്ല, ദാദയുടെ പോലിസിനാലാണ് നടക്കുകയെന്ന് ഞാന്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. കാക്കി വസ്ത്രം ധരിച്ച പോലിസ് ബൂത്തുകളില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ മാവിന്‍ ചുവട്ടില്‍ നില്‍ക്കും. കസേരയില്‍ ഇരുന്ന് ഖൈനി ചവച്ച് വോട്ടെടുപ്പ് കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയെ അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, ദിലീപ് ഘോഷ് സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം തകര്‍ക്കുകയാണെന്നു കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങള്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു.

Bengal BJP Chief's "Broken Limbs, Death" Threat At Rally




Tags:    

Similar News