കൊവിഡ് നിയന്ത്രണം ലംഘിച്ച് ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പോലിസ് കേസെടുത്തു

പ്രദേശത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രമുഖരും പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 250ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നതായാണു കണ്ടെത്തല്‍

Update: 2020-07-04 08:51 GMT

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് ഉടുമ്പന്‍ചോല ശാന്തന്‍പാറയ്ക്കു സമീപത്തെ രാജാപ്പാറയിലെ റിസോര്‍ട്ടില്‍ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. രാത്രി എട്ടിനു തുടങ്ങിയ പരിപാടി ആറു മണിക്കൂറിലേറെ നീണ്ടുനിന്നതായാണു വിവരം. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേ ശാന്തന്‍പാറ പോലിസ് കേസെടുത്തു. പ്രദേശത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രമുഖരും പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 250ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നതായാണു കണ്ടെത്തല്‍.

    ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. മത മേലധ്യക്ഷരും സിനിമാ താരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതു പ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും വരെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതായാണു വിവരം. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ആഘോഷത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങളെല്ലാം നടത്തിയത്.

    ബെല്ലി ഡാന്‍സിനായി ഇതര സംസ്ഥാനത്തു നിന്നാണ് പെണ്‍കുട്ടിയെ എത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യഥേഷ്ടം മദ്യവും ഭക്ഷണവും വിളമ്പിയ പാര്‍ട്ടിയില്‍ യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നു വീഡിയോയില്‍ വ്യക്തമാവുന്നുണ്ട്. ആഘോഷത്തില്‍ പ്രമുഖര്‍ പങ്കെടുത്തതിനാല്‍ തന്നെ കേസൊതുക്കാന്‍ ശ്രമം നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

Belly Dance and Night Party in violation of Covid Control;Police filed a case


Tags:    

Similar News