ക്രിസ്ത്യന്‍ പുരോഹിതനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം; അക്രമി മാനസികരോഗിയെന്ന് പോലിസ് (വീഡിയോ)

Update: 2021-12-13 03:15 GMT

ബംഗളൂരു: കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം തുടരുന്നു. ക്രിസ്ത്യന്‍ പുരോഹിതനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതാണ് അവസാനത്തെ സംഭവം. വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ സെന്റ് ജോസഫിന്റെ 'ദ വര്‍ക്കര്‍ ചര്‍ച്ച്' വികാരി ഫാദര്‍ ഫ്രാന്‍സിസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയില്‍ പള്ളിയോട് ചേര്‍ന്ന താമസ സ്ഥലത്താണു സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അക്രമി മാനസികരോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നുമാണ് പോലിസിന്റെ വാദം.

വളര്‍ത്തുനായയുടെ അസാധാരണമായ കുര കേട്ട് വീട്ടില്‍ നിന്നിറങ്ങിയ ഫാദറിനെ അക്രമി വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ''സാധാരണ നായ വീടിനകത്താണ് ഉണ്ടാവാറുള്ളത്. ഇന്നലെ രാത്രി നായ പുറത്തുനിന്ന് അസാധാരണമായി കുരയ്ക്കുന്നത് കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട് നായയെ അകത്തേക്ക് കൊണ്ടുപോവാനെത്തിയപ്പോള്‍ വാളുമായി നില്‍ക്കുന്ന ഒരാളെയാണ് കണ്ടത്. അയാള്‍ അക്രമിക്കുമെന്നുറപ്പായതോടെ ഞാന്‍ ബഹളംവയ്ക്കുകയായിരുന്നു. ഞാന്‍ സഹായത്തിനായി നിലവിളിച്ചതോടെ അയാള്‍ ഓടി''- ഫാദര്‍ ഫ്രാന്‍സിസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ ഒളിച്ചിരുന്ന ഇയാള്‍ വൈദികനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു.

വൈദികന്‍ ബഹളമുണ്ടാക്കിയതോടെ അക്രമി മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ വീട്ടിലേക്ക് കടന്നുവരുന്നതും പുറത്തുകടക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു. അക്രമി മാനസിക രോഗിയാണെന്നാണ് പ്രാഥമിക വിവരമെന്ന് പോലിസ് കമ്മീഷണര്‍ കെ ത്യാഗരാജന്‍ പറഞ്ഞു. അക്രമിയെ പിടികൂടുന്നതിന് മുമ്പുതന്നെ അയാളെ മാനസികരോഗിയായി പ്രഖ്യാപിച്ച പോലിസിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വടിവാളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വൈദികനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിട്ടും പോലിസ് അക്രമിയെ സംരക്ഷിക്കാനാണ് നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം.


 മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും പുരോഹിതന്‍മാര്‍ക്കുമെതിരേ ഹിന്ദുത്വര്‍ നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോലാറില്‍ കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ പരസ്യമായി കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മതപ്രബോധനത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ വീടുവീടാന്തരം കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തതിനെതുടര്‍ന്നാണ് ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്.

തീവ്ര ഹിന്ദുത്വ സംഘടനകളില്‍പ്പെട്ടവര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ബുക്ക്‌ലെറ്റുകള്‍ തട്ടിപ്പറിക്കുകയും തീയിടുകയുമായിരുന്നു. നവംബര്‍ ആദ്യമാണ് കൂട്ട മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥനാ ഹാളിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ട സംഭവമുണ്ടായത്. അക്രമികളെ നിലയ്ക്കുനിര്‍ത്തേണ്ടതിന് പകരം പ്രദേശത്ത് കൂട്ടപ്രാര്‍ത്ഥന നടത്തരുതെന്ന് ക്രിസ്ത്യന്‍ സമുദായങ്ങളോട് പോലിസ് നിര്‍ദേശിക്കുകയാണ് ചെയ്തത്.

Tags:    

Similar News