ബെഹ്‌റയുടേത് ആര്‍എസ്എസ് ഭാഷ്യം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കാംപസ് ഫ്രണ്ട്

സംഘപരിവാര്‍ വിരുദ്ധതയില്‍ ശക്തിയാര്‍ജിച്ച കേരളത്തെ മനപ്പൂര്‍വം അപമാനിക്കാനുള്ള ശ്രമമാണിത്.

Update: 2021-06-28 18:05 GMT

എറണാകുളം: കേരളം തീവ്രവാദികളുടെ കേന്ദ്രം ആണെന്ന ഡിജിപി ലോകനാഥ് ബെഹ്‌റയുടെ പ്രസ്താവന ആര്‍എസ്എസ് ഭാഷ്യമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍. സംഘപരിവാര്‍ വിരുദ്ധതയില്‍ ശക്തിയാര്‍ജിച്ച കേരളത്തെ മനപ്പൂര്‍വം അപമാനിക്കാനുള്ള ശ്രമമാണിത്. വിദ്യാഭ്യാസം ആര്‍ജിക്കുന്നവരെയും ഡിജിപി അപമാനിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൃത്യമായ തെളിവുകള്‍ നിരത്തണം. തീവ്രവാദ സ്ലീപ്പിങ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്ന പോലിസ് മേധാവി എന്തുകൊണ്ട് അതിനെതിരേ ഇതുവരെ നടപടി സ്വീകരിച്ചില്ല.

മുമ്പ് ഗുജറാത്തില്‍ മോഡി സര്‍ക്കാരിന് കഌന്‍ ചിറ്റ് കൊടുത്ത വ്യക്തിയാണ് ബെഹ്‌റ. കേരളത്തില്‍ നടന്ന യുഎപിഎ കേസുകള്‍ അന്യായമായിരുന്നു. മാത്രമല്ല ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് നുഴഞ്ഞുകയറ്റം ഉണ്ടെന്ന് പറഞ്ഞത് ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ആര്‍എസ്എസ് നേതാക്കളുടെ കേസുകള്‍ക്കു നേരെ കണ്ണടയ്ക്കുന്നതിന്റെ കാരണം ബെഹ്‌റയുടെ സംഘപരിവാര്‍ പ്രേമത്തിന്റെ ഭാഗമാണ്. ഇത്തരം പ്രസ്താവന ഇറക്കി ദുരൂഹത സൃഷ്ടിച്ച് കേരളത്തെ അപമാനിക്കാനാണ് പോലിസ് മേധാവി ശ്രമിക്കുന്നത്.

ഐഎസ് റിക്രൂട്ട്‌മെന്റും തീവ്രവാദവും ആരാണ് നടത്തുന്നതെന്നും ആരുടെ സ്ലീപ്പിംഗ് സെല്‍ ആണ് അതെന്നും കണ്ടെത്തണം. മറിച്ച് സമൂഹത്തില്‍ ദുരൂഹത സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ അവസാനിപ്പിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് ഷാന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News