1947ന് മുന്‍പ് പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും നിയമവിരുദ്ധമായിരുന്നു, പിന്നീട് നമ്മള്‍ സ്വാതന്ത്ര്യം നേടി: അനുഭവ് സിന്‍ഹ

പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിയമവിരുദ്ധമായ കാലഘട്ടം അസ്വാതന്ത്ര്യത്തിന്റേതാണ് എന്ന വിമര്‍ശനമാണ് അനുഭവ് സിന്‍ഹ ഉന്നയിക്കുന്നത്.

Update: 2021-03-16 06:39 GMT

ന്യൂഡല്‍ഹി: 1947ന് മുന്‍പ് പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിയമവിരുദ്ധമായിരുന്നെന്നും, പിന്നീട് നമ്മള്‍ അതില്‍ നിന്നെല്ലാം സ്വാതന്ത്ര്യം നേടിയെന്നും പ്രമുഖ സംവിധായകന്‍ അനുഭവ് സിന്‍ഹ. പ്രക്ഷോഭങ്ങള്‍ക്കും വിമര്‍ശകര്‍ക്കും എതിരേ നടക്കുന്ന വേട്ടയാടലുകളുടെ പശ്ചാതലത്തിലാണ് അനുഭവ് സിന്‍ഹയുടെ ട്വീറ്റ്. മുല്‍ക്, ഥപ്പട്, ആര്‍ട്ടിക്കിള്‍ 15 തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് അനുഭവ് സിന്‍ഹ.

പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിയമവിരുദ്ധമായ കാലഘട്ടം അസ്വാതന്ത്ര്യത്തിന്റേതാണ് എന്ന വിമര്‍ശനമാണ് അനുഭവ് സിന്‍ഹ ഉന്നയിക്കുന്നത്. അതില്‍ നിന്ന് നമ്മള്‍ സ്വാതന്ത്ര്യം നേടണമെന്നും അദ്ദേഹം പറയുന്നു.

മുല്‍ക്, ഥപ്പട്, ആര്‍ട്ടിക്കിള്‍ 15 തുടങ്ങിയ സിനിമകള്‍ സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. മുസ് ലിംകളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നതില്‍ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും സമൂഹത്തിനുമുള്ള പങ്കിനെ വിമര്‍ശിക്കുന്നതാണ് 'മുല്‍ക്' എന്ന സിനിമ.

അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത 'ആര്‍ട്ടിക്ക്ള്‍ 15' ഇന്ത്യയിലെ ജാതീയ പ്രശ്‌നം പ്രമേയമാക്കിയുള്ള ചിത്രമാണ്. സിനിമക്കെതിരേ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ചിത്രം ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ബ്രാഹ്മണ സംഘടനയായ പരശുറാം സേനയുടെ വിദ്യാര്‍ത്ഥി നേതാവ് കുശാല്‍ തിവാരി രംഗത്ത് വന്നത്.

Tags: