നോണ്‍ ഹലാല്‍ ഇറച്ചി വിതരണക്കാരനെ മര്‍ദ്ദിച്ചെന്ന വ്യാജവാര്‍ത്ത; സംഘപരിവാര്‍ പ്രചാരണങ്ങള്‍ കരുതിയിരിക്കുക: പോപുലര്‍ ഫ്രണ്ട്

വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ഹലാല്‍ വിവാദം പ്രചരിപ്പിക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്ന സംഘപരിവാര്‍ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നത്.

Update: 2021-04-07 07:09 GMT

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം വയനാട്ടിലെ മീനങ്ങാടിയില്‍ ഈസ്റ്ററിന് ഇറച്ചി വില്‍ക്കുന്നത് തടഞ്ഞുവെന്നും വിതരണക്കാരനെ മര്‍ദ്ദിച്ചെന്നും ആരോപിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡന്റ് ശിഹാബ് അമ്പലവയല്‍. മതവിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച കള്ളക്കഥയാണിത്.

ഈസ്റ്ററിന്റെ തലേദിവസം പ്രദേശത്ത് വിതരണം ചെയ്യാനായി കൊണ്ടുവന്ന ഹലാലല്ലാത്ത മാംസം അത്തരം മാംസങ്ങളെ എതിര്‍ക്കുന്നവര്‍ തടഞ്ഞുവെന്നും വിതരണക്കാരനെ മര്‍ദ്ദിച്ച് പച്ച ഇറച്ചി വായില്‍ തിരുകിക്കയറ്റിയെന്നും ഇറച്ചി കൊണ്ടുവന്ന വാഹനം കത്തിച്ചെന്നുമാണ് വാര്‍ത്ത. ഇത്തരമൊരു സംഭവം നടന്നതായി പോലിസ് അധികാരികളോ നാട്ടുകാരോ പറയുന്നില്ല. വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ഹലാല്‍ വിവാദം പ്രചരിപ്പിക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്ന സംഘപരിവാര്‍ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നത്.

വിദ്വേഷജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഇത്തരം മാധ്യമങ്ങള്‍ക്കെതിരേ നിയമപരമായ നടപടികളുമായി മുന്നോട്ടുപോവും. പൊതുസമൂഹം ഇത്തരം വ്യാജവാര്‍ത്തകള്‍ കരുതിയിരിക്കണമെന്നും ജില്ലയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News