ഡല്‍ഹി, അംബേദ്കര്‍ സര്‍വകലാശാലകളില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞു; നിരോധനാജ്ഞ, സംഘര്‍ഷം, പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു

Update: 2023-01-27 13:00 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് ഡല്‍ഹി സര്‍വകലാശാലയിലും അംബേദ്കര്‍ സര്‍വകലാശാലയിലും പോലിസ് തടഞ്ഞു. പ്രദര്‍ശനം തടയുന്നതിനായി ഡല്‍ഹി സര്‍വകലാശാലാ പരിസരത്ത് പോലിസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


 എന്‍എസ്‌യുഐ യൂനിറ്റിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല ആര്‍ട്‌സ് ബ്ലോക്കിന്റെ സമീപത്ത് ഡോക്യുമെന്റി പ്രദര്‍ശനം നടത്താനിരിക്കെയാണ് അധികൃതര്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചത്. ഡോക്യുമെന്ററി പ്രദര്‍ശനം ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകളിലും ലാപ് ടോപ്പിലുമായിട്ടായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനത്തിന് തയ്യാറെടുത്തിരുന്നത്.


 ലാപ്‌ടോപ്പില്‍ പ്രദര്‍ശനം ആരംഭിച്ച ഉടനെ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പോലിസ് കടന്നുവരികയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശിക്കുകയായിരുന്നു. വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പട്ടതിന് തൊട്ടുപിന്നാലെയാണ് പോലിസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധ കൂടിച്ചേരല്‍ ആരോപിച്ച് 24 വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.


 അറസ്റ്റില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. പോലിസിന് ഗോ ബാക്ക് വിളികളുമായാണ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. പോലിസും വിദ്യാര്‍ഥികളും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, ബാപ്‌സ, ഭീം ആര്‍മി തുടങ്ങിയ സംഘടനകളാണ് സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. സര്‍വകലാശാലയിലെ വൈദ്യുതിയും ഇന്റര്‍നെറ്റും അധികൃതര്‍ വിച്ഛേദിച്ചു. സംഭവത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എന്‍എസ്‌യുഐ, ഭഗത് സിങ് ചത്ര ഏക്ത മഞ്ച് എന്നിവരുടെ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു.


 അംബേദ്കര്‍ സര്‍വകലാശാലയില്‍ സര്‍വകലാശാലാ അധികൃതരാണ് ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞത്. ഡോക്യുമെന്ററിക്ക് അംബേദ്കര്‍ സര്‍വകലാശാല നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം പ്രൊജക്ടറില്‍ നടത്തരുതെന്ന് സര്‍വകലാശാല നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍, ലാപ്‌ടോപ്പുകളിലും മൊബൈല്‍ ഫോണുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.


 എബിവിപി അടക്കമുള്ള സംഘടനകള്‍ പ്രദര്‍ശനത്തിനെതിരേ രംഗത്തുവന്നിരുന്നു. പ്രദര്‍ശനം തടഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെല്ലാം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് നേരേ പോലിസില്‍ നിന്നും സര്‍വകലാശാല അധികൃതരില്‍ നിന്നും കടുത്ത എതിര്‍പ്പാണുയരുന്നത്.

Tags: