ബിബിസി ഡോക്യുമെന്ററി നിരോധനം സുപ്രിംകോടതിയില്‍; ഹരജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കും

Update: 2023-01-30 08:45 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കു നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. ഫെബ്രുവരി ആറിന് ഇക്കാര്യം പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജിക്കാരെ അറിയിച്ചത്. ഡോക്യുമെന്ററിക്കു സാമൂഹിക മാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ആദ്യഹര്‍ജി സമര്‍പ്പിച്ചത്.

ബിബിസി ഡോക്യുമെന്ററിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തില്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജിയില്‍ താന്‍ ഭരണഘടനാപരമായ ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വാര്‍ത്തകളും വസ്തുതകളും റിപോര്‍ട്ടുകളും കാണാന്‍ ആര്‍ട്ടിക്കിള്‍ 19 (1) (2) പ്രകാരം പൗരന്‍മാര്‍ക്ക് അവകാശമുണ്ടോ എന്ന് സുപ്രിംകോടതി തീരുമാനിക്കേണ്ടതുണ്ടെന്നും ശര്‍മ വ്യക്തമാക്കിയിരുന്നു. ഇതേ വിഷയത്തില്‍ എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും ഹരജി നല്‍കിയിട്ടുണ്ട്.

'മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യഭാഗം ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്. പ്രധാനമന്ത്രിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂ ട്യൂബിനും ട്വിറ്ററിനും കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പൊപ്പഗണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്ററിയെക്കുറിച്ച് പ്രതികരിച്ചത്.

Tags:    

Similar News