ബസവരാജ് ബൊമ്മയ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ നാളെ

കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ധാരണയായത്.

Update: 2021-07-27 15:45 GMT

ബെംഗളൂരു: ബിഎസ് യെദ്യൂരപ്പ രാജിവച്ച ഒഴിവില്‍ ബസവരാജ് ബൊമ്മയ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാവും. കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ധാരണയായത്.

ഹൂബ്ബള്ളിയില്‍ നിന്നുള്ള എംഎല്‍എയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്. യെദ്യൂരപ്പയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്റെ പേര് നിര്‍ദേശിച്ചത്. ഈ പേര് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുകയായിരുന്നു. മുഴുവന്‍ എംഎല്‍എമാരും തീരുമാനം അംഗീകരിച്ചതോടെ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂര്‍ത്തിയാക്കുക എന്ന ഭാരിച്ച ദൗത്യം കേന്ദ്രനേതൃത്വത്തിനും പൂര്‍ത്തിയാക്കാനായി. നാളെ ഉച്ചയ്ക്ക് ബസവരാജ് ബൊമ്മയ് അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് വിവരം.

യെദിയൂരപ്പയുടെ അഭിപ്രായം കൂടി പരിഗണിച്ചേ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന്അരുണ്‍ സിങ്ങ് യോഗത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു.

പുതിയ സര്‍ക്കാരില്‍ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാര്‍ വരെയുണ്ടാവും എന്നാണ് റിപോര്‍ട്ടുകള്‍. യെദ്യൂരപ്പ പടിയിറങ്ങുന്നതില്‍ അതൃപ്തിയുള്ള ലിംഗായത്ത് സമുദായത്തെ ഒപ്പം നിര്‍ത്തുന്നതോടൊപ്പം ഇതര സമുദായങ്ങള്‍ക്കും പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമമുണ്ടാവും. അതേസമയം ജെഡിഎസ് കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും എത്തിച്ച് യെദ്യൂരപ്പ മന്ത്രിസ്ഥാനം നല്‍കിയ എംഎല്‍എമാരുടെ ഭാവി പരിപാടികള്‍ എന്താണെന്ന് വ്യക്തമല്ല. പുതിയ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവര്‍ കലാപക്കൊടി ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Tags:    

Similar News