ജപ്തി നടപടി; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയും മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ലേഖയാണ് മരിച്ചത്. മകളും ഡിഗ്രി വിദ്യാര്‍ഥിയുമായി വൈഷ്ണവി (19) നേരത്തേ മരിച്ചിരുന്നു.

Update: 2019-05-14 13:55 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യാനുള്ള നീക്കത്തിനിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ലേഖ(40)യാണ് മരിച്ചത്. മകളും ഡിഗ്രി വിദ്യാര്‍ഥിയുമായി വൈഷ്ണവി (19) നേരത്തേ മരിച്ചിരുന്നു.

മാരായമുട്ടം മലയിക്കടയിലാണ് ദുരന്തം. വീട് വയ്ക്കുന്നതിനായി കുടുംബം നെയ്യാറ്റിന്‍കര കാനറ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എട്ട് ലക്ഷത്തോളം രൂപ തിരിച്ചടച്ചെങ്കിലും ആറ് ലക്ഷത്തിലധികം രൂപ ഇനിയും തിരിച്ചടയ്ക്കാന്‍ ഉണ്ടെന്നാണ് ബാങ്കിന്റെ വാദം. ബാങ്കിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വീട്ടുകാര്‍ ആരോപിച്ചു. അതേസമയം, പ്രളയാനന്തരം കിടപ്പാടങ്ങള്‍ ജപ്തി ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് ബാങ്കുകള്‍ അട്ടിമറിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യകള്‍ തുടര്‍ക്കഥയാവുകയാണ്. സര്‍ഫാസി നിയമ പ്രകാരം കേരളത്തില്‍ മാത്രം പതിനായിരത്തിലേറെ കുടുംബങ്ങള്‍ ജപ്തിഭീഷണി നേരിടുകയാണ് ഇപ്പോള്‍.

അതേസമയം, സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കും. കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലിസ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലിസ് നടപടി. സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നു പൊലിസ് മൊഴി എടുത്തു.

Tags:    

Similar News