മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് തട്ടിപ്പ്, ഇടപാടുകാരി അറിയാതെ അക്കൗണ്ട് വഴി കടത്തിയത് 80 ലക്ഷം രൂപ
ഇത്തരത്തിൽ നിരവധി പേരുടെ അക്കൗണ്ടുകൾ സഹകരണ ബാങ്ക് അധികൃതർ ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന് പോലിസ് കരുതുന്നു.
മലപ്പുറം: മലപ്പുറത്തെ എ ആർ നഗർ സഹകരണ ബാങ്കിൽ ഇടപാടുകാർ അറിയാതെ അവരുടെ അക്കൗണ്ട് വഴി ബാങ്ക് അധികൃതർ നടത്തിയത് ലക്ഷങ്ങളുടെ തിരിമറി. എആർ നഗർ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിന്റെ വിവരങ്ങൾ ഓരോദിവസവും ഒന്നൊന്നായി പുറത്തുവരികയാണ്.
കണ്ണമംഗലം സ്വദേശിയായ അങ്കണവാടി ടീച്ചർ ദേവിയുടെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയാണ് ഇത്തരത്തിൽ ബാങ്ക് അധികൃതർ കൈമാറിയത്. ആദായനികുതി അടയ്ക്കണമെന്ന് കാണിച്ച് നോട്ടിസ് വന്നപ്പോൾ മാത്രമാണ് ദേവി ടീച്ചർ ഇക്കാര്യം അറിയുന്നത് തന്നെ.
തിരൂരങ്ങാടി പോലിസിൽ ടീച്ചർ പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പേരുടെ അക്കൗണ്ടുകൾ സഹകരണ ബാങ്ക് അധികൃതർ ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന് പോലിസ് കരുതുന്നു. സംസ്ഥാന സഹകരണ വകുപ്പും ഈ ഇടപാടുകളിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.