ഉപഭോക്താക്കളെ പിഴിഞ്ഞ് കൂടുതല്‍ ബാങ്കുകള്‍; ബാങ്കിങ് സേവനങ്ങളുടെ നിരക്ക് ഉയര്‍ത്തി

സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള പണമിടപാടുകളുടെ നിരക്കുകള്‍ ഉയരും. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക്ബുക്കുകള്‍ക്കും നിരക്ക് ഉയര്‍ത്തി.

Update: 2021-07-07 19:39 GMT

ന്യൂഡല്‍ഹി: എസ്ബിഐക്ക് പിന്നാലെ ബാങ്കിങ് നിരക്കുകള്‍ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള പണമിടപാടുകളുടെ നിരക്കുകള്‍ ഉയരും. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക്ബുക്കുകള്‍ക്കും നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷത്തില്‍ 25 ചെക്ക് ലീഫുകള്‍ക്ക് പണം നല്‍കേണ്ടതില്ല. പിന്നീടുള്ള 10 ലീഫിന്റെ ഓരോ ചെക്ക് ബുക്കിനും 20 രൂപ അധികം നല്‍കണം.

കൂടാതെ എടിഎം സേവനങ്ങള്‍ക്കും വന്‍ നിരക്കാണ് ഏര്‍പ്പെടുത്തിയത്.മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോനഗരങ്ങളില്‍ ആദ്യത്തെ മൂന്ന് ഇടപാടുകള്‍ സൗജന്യമായിരിക്കും.

മറ്റിടങ്ങളില്‍ ആദ്യ അഞ്ച് ഇടപാടുകള്‍ സൗജന്യമായിരിക്കും. ഈ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപ ഈടാക്കും. മറ്റ് ഇടപാടുകള്‍ക്ക് ഇത് 8.50 രൂപയായിരിക്കും. ഒരു കലണ്ടര്‍ മാസം ഒരു തവണ മറ്റ് എടിഎമ്മിലൂടെ സൗജന്യമായി പണം പിന്‍വലിക്കാം. പിന്നീട് പിന്‍വലിക്കുന്ന ഓരോ 1000 രൂപക്കും 5 രൂപ വീതം കുറഞ്ഞത് 150 രൂപ വരെ ഈടാക്കും. കാഷ് റീസൈക്കിളര്‍ മെഷീന്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നതിനും ഇതേ നിരക്ക് ബാധകമാകും.

ഒരു മാസം നാല് സൗജന്യ ഇടപാടുകള്‍

പ്രതിമാസം നാല് സൗജന്യ പണമിടപാടുകള്‍ ബാങ്ക് അനുവദിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞാല്‍ ഓരോ ബാങ്ക് ഇടപാടിനും 150 രൂപ നല്‍കണം. ഉപഭോക്താക്കളുടെ ഹോം ബ്രാഞ്ചില്‍ നിന്ന് പ്രതിമാസം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ സൗജന്യമായി നടത്താം. ഒരു ലക്ഷത്തിന് മുകളില്‍ ഉള്ള തുകക്ക് 1,000 രൂപയ്ക്ക് അഞ്ചു രൂപ വീതം നല്‍കണം. കുറഞ്ഞത് 150 രൂപയാണ് ഈടാക്കുക. മറ്റ് ബ്രാഞ്ചുകളില്‍ പ്രതിദിനം 25,000 രൂപ വരെയുള്ള പണമിടപാടുകള്‍ക്ക് നിരക്ക് ഈടാക്കില്ല. 25,000 രൂപയ്ക്ക് മുകളില്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപ വീതം ഈടാക്കും.

എസ്ബിഐയും നിരക്കുകള്‍ ഉയര്‍ത്തി

ബേസിക് സേവിങ്‌സ് അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പണം ഇടപാടുകളുടെ നിരക്ക് എസ്ബിഐ ഉയര്‍ത്തിയിരുന്നു. ജൂലൈ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിരുന്നു.സേവനങ്ങള്‍ക്ക് 15 രൂപ മുതല്‍ 75 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. ഒരു വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളില്‍ കൂടുതല്‍ വാങ്ങിയാലും അധിക നിരക്ക് ഈടാക്കും. ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാന്‍ ആകും. ഇതിനു ശേഷം 15 രൂപയും ജിഎസ്ടിയും ഈടാക്കും.

Tags:    

Similar News