ഐസിസിക്ക് എതിരേ ബംഗ്ലാദേശ്, 'ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ഇരട്ടത്താപ്പാണെന്നാരോപിച്ച് ബംഗ്ലാദേശ് രംഗത്ത്. ഇന്ത്യയില്‍ നിന്ന് ട്വന്റി-20 ലോകകപ്പ് മല്‍സരങ്ങള്‍ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെയാണ് ആരോപണവുമായി രംഗത്തെത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി ഇന്ത്യയിലേക്ക് പോകാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) വിസമ്മതിച്ചിരുന്നു.
1996, 2003 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പുകളില്‍ ചില വേദികളില്‍ കളിക്കാന്‍ ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് മല്‍സരങ്ങള്‍ ഉപേക്ഷിച്ചതിന്റെ മുന്‍കാല സംഭവങ്ങള്‍ ഐസിസി തങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുള്‍ ഇസ്ലാം വെളിപ്പെടുത്തി. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താനിലേക്ക് പോകാന്‍ വിസമ്മതിച്ചതിന് ശേഷം ഇന്ത്യ ദുബായില്‍ മല്‍സരങ്ങള്‍ കളിച്ച 2025 ചാംപ്യന്‍സ് ട്രോഫിയുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ബിസിബി ഐസിസിയുടെ വാദത്തെ എതിര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1996 ലും 2003 ലും നടന്ന സംഭവങ്ങളെക്കുറിച്ച് ഐസിസി ഞങ്ങളോട് പറയാന്‍ ശ്രമിച്ചു. പക്ഷേ സമാനമായ കാര്യത്തില്‍ അവരുടെ സമീപകാല നടപടികള്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ചാംപ്യന്‍സ് ട്രോഫിക്കായി ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് പോകാന്‍ വിസമ്മതിച്ചപ്പോള്‍, ഐസിസി അവര്‍ക്കായി നിഷ്പക്ഷ വേദി ഒരുക്കി. ആ ടീം അവരുടെ എല്ലാ ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങളും നിഷ്പക്ഷ വേദിയില്‍ കളിച്ചു. അവര്‍ ഒരു ഗ്രൗണ്ടില്‍ കളിക്കുകയും ഒരു ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. അതൊരു പ്രിവിലേജായിരുന്നുവെന്നും ഇന്ത്യയെ സൂചിപ്പിച്ച് അമിനുല്‍ പറഞ്ഞു.
ശ്രീലങ്ക സഹ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍, ബംഗ്ലാദേശിനും നിഷ്പക്ഷ വേദിയില്‍ മല്‍സരങ്ങള്‍ കളിക്കാനുള്ള സൗകര്യം നല്‍കേണ്ടതായിരുന്നുവെന്ന് അമിനുല്‍ വാദിച്ചു. ശ്രീലങ്കയെ സഹ ആതിഥേയര്‍ എന്ന് വിളിക്കുന്നുണ്ട്. പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ സഹ ആതിഥേയത്വം വഹിക്കുന്നവരല്ല. ഒരു രാജ്യം മാത്രം കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഒരു ഹൈബ്രിഡ് മോഡലിന്റെ ഭാഗമാണ് ശ്രീലങ്ക. ഇന്ത്യയില്‍ കളിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കുന്നതിനാല്‍, അതേ സാധ്യത പ്രയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഐസിസിയോട് സൂചിപ്പിച്ചു. എന്നിട്ടും, അവര്‍ തങ്ങളുടെ അഭ്യര്‍ത്ഥന നിരസിച്ചുവെന്നും ശ്രീലങ്കയില്‍ ലോകകപ്പ് കളിക്കാന്‍ ബംഗ്ലാദേശ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

