ട്രോളിങ് നിരോധനം: മല്‍സ്യബന്ധന, അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍ക്ക് മതിയായ ആശ്വാസ ധനം നല്‍കണം-ജോണ്‍സണ്‍ കണ്ടച്ചിറ

Update: 2023-06-13 13:50 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മല്‍സ്യബന്ധന, മല്‍സ്യ അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ കുടുംബത്തെ പട്ടിണിയില്‍ നിന്നു രക്ഷിക്കാന്‍ മതിയായ ആശ്വാസ ധനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. മല്‍സ്യത്തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ സൗജന്യ റേഷനും 4500 രൂപയും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അപര്യാപ്തമാണ്. സംസ്ഥാനത്ത് സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍(എസ് സിആര്‍എസ്) അംഗങ്ങളായ 1,58,002 മല്‍സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് മൂന്ന് ഗഡുക്കളായി 4500 രൂപ ധനസഹായം ലഭിക്കുക. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മാത്രം 10.49 ലക്ഷമാണ് മല്‍സ്യബന്ധന മേഖലയിലെ ജനസംഖ്യ. അതായത് ഈ മേഖലയുമായി ബന്ധപ്പെട്ട ചെറിയ ഒരു ശതമാനത്തിനു മാത്രമേ സര്‍ക്കാരിന്റെ ആശ്വാസ ധനം ലഭിക്കുകയുള്ളൂ. നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിച്ചുകൊണ്ടിരിക്കേ തുച്ഛമായ തുകകൊണ്ട് അവരുടെ ദൈനംദിന ചെലവുകള്‍ താങ്ങാനാവുകയില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിരിക്കേ മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനത്തിന് ആവശ്യമായ ധനസഹായം നല്‍കണം. നിത്യരോഗികളുള്‍പ്പെടെയുള്ള കുടംബങ്ങള്‍ക്ക് ഈ കാലഘട്ടം വലിയ പ്രതിസന്ധി സൃഷ്ടിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമേ മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികള്‍ അനുബന്ധ തൊഴില്‍ ചെയ്യുന്നവരാണ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകുല്യങ്ങള്‍ മല്‍സ്യ അനുബന്ധ തൊഴിലാളികള്‍ക്കും ലഭിക്കുന്നതിനാവശ്യമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൂടാതെ വിദേശ യന്ത്രവല്‍കൃത യാനങ്ങള്‍ ട്രോളിങ് സമയത്ത് ആഴക്കടല്‍ മല്‍സ്യബന്ധനം നടത്തുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.
Tags: