കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല കാംപസില്‍ രാത്രി യാത്രയ്ക്ക് നിരോധനം; പ്രതിഷേധം ശക്തം
രാത്രി പതിനൊന്നിന് ശേഷം വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് പുതിയ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈകൊണ്ടിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാസര്‍കോട്: കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല കാംപസില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. രാത്രി പതിനൊന്നിന് ശേഷം വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് പുതിയ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈകൊണ്ടിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാല ഹോസ്റ്റലിന് പുറത്തും, കാംപമ്പസിലുമാണ് വിദ്യാര്‍ഥികള്‍ക്ക് രാത്രികാലയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍, പരീക്ഷകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
രാത്രികാല നിയന്ത്രണം പുറത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഏറെ ബാധിക്കുന്നത്. വിഷയത്തില്‍ ഇതിനകം വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, പ്രത്യേക അനുമതിയോടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണത്തില്‍ ഇളവു നല്‍കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിയന്ത്രണം പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.