ബൈത്തുല്‍ മുഖദ്ദസ് മുന്‍ ഇമാം ഡോ. ശെയ്ഖ് മുഹമ്മദ് സിയാം അന്തരിച്ചു

ഫലസ്തീന്‍ ജനതയ്ക്കും മുസ്‌ലിം ലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഹമാസ് പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി

Update: 2019-02-16 05:08 GMT

ഖര്‍ത്തൂം: മസ്ജിദുല്‍ അഖ്‌സ മുന്‍ ഇമാമും ഹമാസ് സ്ഥാപക നേതാക്കളിലൊരാളും ഫലസ്തീന്‍ വിപ്ലവ കവിയും ഗസ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മുന്‍ മേധാവിയുമായ ഡോ. ശെയ്ഖ് മുഹമ്മദ് സിയാം അന്തരിച്ചു. സുഡാനിലെ ഖര്‍ത്തുമില്‍ ജുമുഅ നമസ്‌കാരത്തിന് അല്‍പം മുമ്പാണ് വിയോഗം. 1988ല്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നാടുകടത്തിയതോടെ സുഡാനിലും പിന്നീട് യമനിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. ഫലസ്തീന്‍ വിമോചന സമരത്തിന്റെ അംബാസിഡര്‍, വക്താവ് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ആഗോള ഫലസ്തീന്‍ പണ്ഡിത സഭയുടെ സംഘാടകനായി പ്രവര്‍ത്തിച്ചു. അനുഗ്രഹീത പണ്ഡിതന്‍, ശക്തനായ അറബി സാഹിത്യകാരന്‍, ഫലസ്തീന്‍ വിമോചന പോരാളി എന്നീ നിലകളില്‍ ശെയ്ഖ് സിയാമിന്റെ വിയോഗം ഫലസ്തീന്‍ ജനതയ്ക്കും മുസ്‌ലിം ലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഹമാസ് പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ലക്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ നടന്ന അന്താരാഷ്ട്ര ഖാദിയാനി വിരുദ്ധ കോണ്‍ഫറന്‍സ്, അലിഗഢില്‍ നടന്ന സിമി അഖിലേന്ത്യാ സമ്മേളനം, ഇഖ്‌വാന്‍ കോണ്‍ഫറന്‍സ്, എസ്‌ഐഒ യുപി വെസ്റ്റ് സമ്മേളനം എന്നിവയില്‍ പങ്കെടുക്കാന്‍ പലപ്പോഴായി ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.




Tags:    

Similar News