ആദിവാസി ഭൂമി കയ്യേറിയ കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം

അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത് ഒഴിച്ചാല്‍ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്ന് മണ്ണാര്‍ക്കാട് എസ്.സി/ എസ്ടി കോടതിയുടെ ഉത്തരവില്‍ പറയുന്നു.

Update: 2022-07-13 16:42 GMT

പാലക്കാട്: ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് കര്‍ശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കുകയും രണ്ടുപേര്‍ ആള്‍ജ്യാമം നില്‍ക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത് ഒഴിച്ചാല്‍ രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്ന് മണ്ണാര്‍ക്കാട് എസ്.സി/ എസ്ടി കോടതിയുടെ ഉത്തരവില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധിയുണ്ട്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അജി കൃഷ്ണനെ ഷോളയൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.

ഷോളയാര്‍ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രാമന്‍ എന്നയാളുടെ ഭൂമി കയ്യേറിയതിനാണ് കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കയ്യേറി എന്നാണ് കേസ്. ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ഒരു വർഷം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്.