ജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി

ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന സമയത്ത് ബെംഗളൂരുവിലെത്താമെന്നും വ്യക്തമാക്കിയാണ് മഅ്ദനി ജാമ്യാപേക്ഷ നല്‍കിയത്.

Update: 2023-03-27 12:11 GMT

ന്യൂഡല്‍ഹി: കേരളത്തിലേക്ക് മടങ്ങുന്നതുള്‍പ്പെടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമവാദം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മഅ്ദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് വ്യക്തമാക്കണമെന്ന് കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാളിതുവരെ മഅ്ദനി ജാമ്യവ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി ആരാഞ്ഞു. അഭിഭാഷകനായ കപില്‍ സിബലാണ് മഅ്ദനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വ. ഹാരിസ് ബീരാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കഴിഞ്ഞില്ല. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രിംകോടതി മഅ്ദനിയുടെ ഹരജി ഏപ്രില്‍ 13ലേക്ക് മാറ്റിവച്ചത്. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന സമയത്ത് ബെംഗളൂരുവിലെത്താമെന്നും വ്യക്തമാക്കിയാണ് മഅ്ദനി ജാമ്യാപേക്ഷ നല്‍കിയത്. ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്കെതിരേ വിചാരണ നടക്കുന്നത്. കേസില്‍ നിലവില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം. പക്ഷാഘാതം ഉള്‍പ്പെടെ തുടര്‍ച്ചയായുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മഅ്ദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാഴ്ചാപ്രശ്‌നങ്ങളും മഅ്ദനിയെ അലട്ടുന്നുണ്ട്.

Tags: