ബാബരി നീതി നിഷേധം: ലഘുലേഖ വിതരണം ചെയ്തവര്‍ക്കു നേരെ സിപിഎം ആക്രമണം

എന്നാല്‍, സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് ആയുധം പിടികൂടിയെന്ന കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു

Update: 2019-11-15 14:06 GMT

കണ്ണൂര്‍: ബാബരി മസ്ജിദ് കേസില്‍ നീതി നിഷേധിക്കപ്പെട്ടതിനെതിരേയുള്ള ലഘുലേഖ വിതരണം ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണം. കതിരൂര്‍ അഞ്ചാം മൈല്‍ പള്ളി പരിസരത്ത് സമാധാനപരമായി ലഘുലേഖ വിതരണം ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഉമ്മന്‍ചിറ സ്വദേശികളായ വി സി താജുദ്ദീന്‍, ഇന്‍ഷാദ് എന്നിവരെയാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ലഘുലേഖ നശിപ്പിക്കുകയും ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 1.45ഓടെയാണ് സംഭവം. ബാബരി മസ്ജിദ് കേസിലെ നീതി നിഷേധത്തിനെതിരേ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജുമുഅ നമസ്‌കാരത്തിന് ശേഷം കതിരൂര്‍ അഞ്ചാം മൈല്‍ ജുമാ മസ്ജിദ് പരിസരത്ത് ലഘുലേഖ വിതരണം ചെയ്തത്. എന്നാല്‍, ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി ഇവരെ തടയുകയും ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ സിപിഎം പ്രവര്‍ത്തകര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അകാരണമായി ആക്രമിക്കുന്നത് വ്യക്തമാണ്. എന്നാല്‍, സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് ആയുധം പിടികൂടിയെന്ന കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അന്യായമായി മര്‍ദ്ധിച്ച സിപിഎം പ്രവര്‍ത്തകരുടെ നടപടിയില്‍ പോപുലര്‍ ഫ്രണ്ട് തലശ്ശേരി ഡിവിഷന്‍ സെക്രട്ടറി റിയാസ് പ്രതിഷേധിച്ചു. ബാബരി മസ്ജിദ് നീതി നിഷേധത്തിനെതിരേ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് നടത്തുന്ന പ്രതിഷേധ ഭാഗമായാണ് ജുമുഅ നമസ്‌കാരത്തിന് ശേഷം കതിരൂര്‍ അഞ്ചാം മൈല്‍ ജുമാ മസ്ജിദിനു വെളിയില്‍ വച്ച് ലഘുലേഖ വിതരണം ചെയ്തത്. സമാധാനപരമായി ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും സിപിഎം ഉന്നത നേതാക്കളുടെ ഇടപെടലില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ആയുധം കൈവശം വച്ചെന്ന് പറഞ്ഞു പോലിസ് കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്. ദേശീയതലത്തില്‍ ബാബരി മസ്ജിദ് വിധി നീതിനിഷേധമാണെന്ന് പ്രസ്താവിക്കുകയും എന്നാല്‍ ജനാധിപത്യ രീതിയില്‍ പ്രധിഷേധിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സിപിഎമ്മിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണമെന്നും റിയാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.



Tags:    

Similar News