ഡല്‍ഹിയില്‍ ബാബര്‍ റോഡിന്റെ സൈന്‍ ബോര്‍ഡ് കറുപ്പിച്ച് ഹിന്ദു സേന; സംഭവം അതീവ സുരക്ഷാ മേഖലയില്‍
റോഡിന് ഏതെങ്കിലും 'മഹത്തായ ഇന്ത്യക്കാരന്റെ' പേരിടണമെന്ന് ആവശ്യപ്പെട്ടാണ് അതീവ സുരക്ഷാ മേഖലയിലെ പൊതുമുതല്‍ സംഘപരിവാര്‍ സംഘടനായായ ഹിന്ദു സേന നശിപ്പിച്ചത്.
ന്യൂഡല്‍ഹി: റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മധ്യ ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ബാബര്‍ റോഡിന്റെ സൈന്‍ബോര്‍ഡില്‍ കറുപ്പ് ചായം പൂശി ഹിന്ദു സേന പ്രവര്‍ത്തകര്‍. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് കൊണാട്ട് പ്ലേസിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ റോഡ് ഇന്ത്യയിലെ മുഗള്‍ രാജവംശത്തിന്റെ ആദ്യ ചക്രവര്‍ത്തിയുടെ പേരിലാണ് അറിയപ്പെടുന്നത്. റോഡിന് ഏതെങ്കിലും 'മഹത്തായ ഇന്ത്യന്‍ വ്യക്തിത്വത്തിന്റെ' പേരിടണമെന്ന് ആവശ്യപ്പെട്ടാണ് അതീവ സുരക്ഷാ മേഖലയിലെ പൊതുമുതല്‍ സംഘപരിവാര്‍ സംഘടനായായ ഹിന്ദു സേന നശിപ്പിച്ചത്.
'അധിനിവേശം നടത്തിയ ഒരു വിദേശയുടെ പേരിലുള്ള റോഡിന്റെ പേര് പുനര്‍നാമകരണം ചെയ്ത് ഏതെങ്കിലും ഇന്ത്യക്കാരന്റെ പേര് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യമുയര്‍ത്തി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാപിച്ച റോഡ് സൈന്‍ തങ്ങള്‍ കറുപ്പിച്ചെന്ന് ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്തയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം, തലസ്ഥാനത്തെ പ്രശസ്തമായ തെരുവുകളിലൊന്നായ അക്ബര്‍ റോഡ് സാമൂഹിക വിരുദ്ധന്‍ 'മഹാറാണ പ്രതാപ് റോഡ്' എന്നാക്കി മാറ്റിയത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പോലിസെത്തി വന്ന് മഞ്ഞ, പിങ്ക് നിറത്തിലുള്ള പോസ്റ്റര്‍ സൈന്‍ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
2015ല്‍, അക്ബറിന്റെ ചെറുമകനായ ഔറംഗസേബിന്റെ പേരിലുള്ള മറ്റൊരു പ്രമുഖ റോഡ് മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേരിലേക്ക് മാറ്റിയിരുന്നു. അതിന് അടുത്ത വര്‍ഷം 'പ്രധാനമന്ത്രിയുടെ തെരുവ്' എന്നറിയപ്പെടുന്ന റേസ് കോഴ്‌സ് റോഡ് ലോക് കല്യാണ്‍ മാര്‍ഗായി മാറ്റി.
