രാഹുല്‍ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് അസദുദ്ദീൻ ഒവൈസി
തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍, താന്‍ വന്നിരിക്കുന്നത് ടിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്താവിച്ചിരുന്നു.
ഹൈദരാബാദ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മാറി മറ്റേതെങ്കിലും മണ്ഡലം തിരയുന്നതാണ് നല്ലത്. ഹൈദരാബാദില്‍ മല്‍സരിക്കാന്‍ താന്‍ അദ്ദേഹത്തെ ക്ഷണിക്കുന്നതായും ഒവൈസി പറഞ്ഞു. ഹൈദരാബാദിലോ മേഡക്കിലോ മല്‍സരിച്ച് ഭാഗ്യം പരീക്ഷിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍, താന്‍ വന്നിരിക്കുന്നത് ടിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഹൈദരാബാദിലെ ജയിലിലെത്തി അവിടെ കഴിയുന്ന എന്‍ എസ് യു നേതാക്കളെ കണ്ടു. ഒസ്മാനിയ സര്‍വകലാശാലയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിനാണ് എന്‍ എസ് യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.