നിങ്ങള്‍ ഗുജറാത്തിലാണെന്നു മറക്കരുത്; ആസാദി വിളിക്കുന്നവര്‍ രാജ്യം വിടണം: ഗുജറാത്ത് ഉപമുഖ്യമന്ത്രി

ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍, ഒരു സമുദായത്തിലെ അംഗങ്ങള്‍ മാത്രം ധര്‍ണയിരിക്കുന്നത്. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. ആരെയാണ് നിയമത്തെ ബാധിച്ചതെന്ന് ഇത് തുറന്നുകാട്ടുന്നുണ്ട്.

Update: 2020-01-24 19:35 GMT

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ പരസ്യഭീഷണിയുമായി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍. നിങ്ങള്‍ കശ്മീരിലല്ല, ഗുജറാത്തിലാണ് ജീവിക്കുന്നതെന്ന് മറന്നുപോവരുതെന്നും ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ രാജ്യം വിട്ടുപോവട്ടെയെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിന്‍ പട്ടേല്‍ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷികച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഭീഷണിപ്രസംഗം. ഇന്ത്യയ്ക്ക് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നിട്ടും ചിലര്‍ കൂട്ടം ചേര്‍ന്ന് ആസാദി മുദ്രാവാക്യം വിളിക്കുകയാണ്. എന്തില്‍ നിന്നാണ് അവര്‍ക്കു സ്വാതന്ത്ര്യം വേണ്ടത്. മാതാപിതാക്കളില്‍ നിന്നോ അതോ ഭര്‍ത്താക്കന്മാരില്‍ നിന്നോ. അവരെന്താണു പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ഇന്ത്യയില്‍ നിന്നാണു സ്വാതന്ത്ര്യം വേണ്ടതെങ്കില്‍, അവര്‍ക്കു വേണ്ട സ്ഥലത്തേക്ക് പോവാന്‍ സൗകര്യം നല്‍കി അതിര്‍ത്തികള്‍ തുറന്നിടണമെന്നാണ് പ്രധാനമന്ത്രിയോടു പറയാനുള്ളതെന്നും നിധിന്‍ പട്ടേല്‍ പറഞ്ഞു.

    പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അഹമ്മദാബാദില്‍ പോലിസുകാര്‍ക്കെതിരേ ആസൂത്രിതമായ ആക്രമണങ്ങളുണ്ടായി. ഒരു ചാക്ക് കല്ല് കിട്ടാനില്ലാത്ത നഗരത്തില്‍ ആക്രമണങ്ങള്‍ക്കായി ടെറസുകള്‍ക്കും മറ്റും മീതെ ലോഡ് കണക്കിനു കല്ലുകളായിരുന്നു ശേഖരിച്ചിരുന്നത്. ഇതു കശ്മീരല്ലെന്ന് അവര്‍ മറന്നുപോയി. നിങ്ങള്‍ ജീവിക്കുന്നത് ഗുജറാത്തിലാണ്. പ്രശ്‌നക്കാര്‍ക്കെതിരേ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്വീകരിച്ച നടപടികള്‍ കാരണം ചിലര്‍ക്ക് രണ്ടുമാസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയിലെ ശാഹീന്‍ ബാഗില്‍, ഒരു സമുദായത്തിലെ അംഗങ്ങള്‍ മാത്രം ധര്‍ണയിരിക്കുന്നത്. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. ആരെയാണ് നിയമത്തെ ബാധിച്ചതെന്ന് ഇത് തുറന്നുകാട്ടുന്നുണ്ട്. ഉവൈസി ഈ നിയമത്തിനെതിരേ സംസാരിക്കുന്നു. മുസ്‌ലിംകള്‍ 800 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചതുപോലെ, മതേതര-ഇടതുപക്ഷക്കാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഇന്ത്യയില്‍ ഭരണം തുടര്‍ന്നാല്‍ ഒരു ഘട്ടത്തില്‍ അവര്‍ക്ക് ഈ രാജ്യത്ത് വീണ്ടും അധികാരത്തിലെത്താനാവുമെന്നാണ് അവര്‍ കരുതുന്നത്. നല്ല ആളുകള്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കും. നല്ല ആളുകള്‍ എന്നതുകൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അല്ലെങ്കില്‍, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നു. എല്ലാ ദിവസവും സ്‌ഫോടന വാര്‍ത്തകളാണെന്നും നിധിന്‍ പട്ടേല്‍ പറഞ്ഞു.


Tags:    

Similar News