ശബ്ദരേഖ വിവാദം; ശരത് പ്രസാദിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി; ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തെ കുരുക്കിലാക്കിയുള്ള ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. ജില്ലാ കമ്മറ്റിയില്‍ നിന്ന് ശരത് പ്രസാദിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം നേതാക്കളായ മുന്‍ മന്ത്രി എസി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ക്കെതിരായ ശരതിന്റെ ശബ്ദരേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. ശരതിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ഇന്നുചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ശരത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി.
സിപിഎം മുന്‍ സംസ്ഥാനസമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എംകെ കണ്ണന്‍, മുന്‍മന്ത്രി എസി മൊയ്തീന്‍ എംഎല്‍എ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരേ ശരത്പ്രസാദ് നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. 'സിപിഎമ്മില്‍ ആര്‍ക്കാ കാശില്ലാത്തത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാവരും കാശുകാരാകും. ജില്ലാ നേതൃത്വത്തിലുള്ള ആര്‍ക്കും സാമ്പത്തികപ്രശ്‌നമുണ്ടാകില്ല. ഞാന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ പിരിവ് നടത്തിയാല്‍ മാക്‌സിമം കിട്ടുന്നത് അയ്യായിരം രൂപ. അതേസമയത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമാകുമ്പോള്‍ 25,000. പാര്‍ട്ടി ഭാരവാഹിയാകുമ്പോള്‍ 75,000 മുതല്‍ ഒരുലക്ഷം വരെ കിട്ടും. ഇടപെടുന്ന ആളുകളുടെ സാമ്പത്തികനിലവാരം മാറിയാല്‍ നേതാക്കള്‍ ആ നിലവാരത്തിനൊത്താണ് പിന്നെ ജീവിക്കുന്നത്' പുറത്തുവന്ന ശബ്ദരേഖയില്‍ പറഞ്ഞിരുന്നു.
കണ്ണേട്ടനൊക്കെ കോടാനുകോടി സ്വത്താണ്. പൊളിറ്റിക്‌സ് കാരണം രക്ഷപ്പെട്ടതാ. കപ്പലണ്ടിക്കച്ചവടമായിരുന്നു തൃശ്ശൂരൊക്കെ. ആ ആളാ ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടാക്കിയത്. അങ്ങനത്തെ ഡീലര്‍മാരുമായാണ് ഇവര്‍ക്കൊക്കെ ബന്ധം' -കേരള ബാങ്ക് വൈസ് ചെയര്‍മാന്‍കൂടിയായ എം.കെ. കണ്ണനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'എസി മൊയ്തീനൊക്കെ ജില്ലയിലെ അപ്പര്‍ ക്ലാസ് ആളുകള്‍ക്കിടയില്‍ ഇടപെടുന്ന ആളാണ്' എന്നും പറയുന്നുണ്ട്.
