റഫേല്‍ രേഖ ആരും മോഷ്ടിച്ചിട്ടില്ല; മലക്കംമറിഞ്ഞ് അറ്റോര്‍ണി ജനറല്‍

Update: 2019-03-08 16:46 GMT

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധ വിമാന ഇടപാട് രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചെന്നും സംഭവത്തില്‍ ദ ഹിന്ദു പത്രത്തിനെതിരേ നടപടിയെടുക്കുമെന്നും സുപ്രിം കോടതിയില്‍ വ്യക്തമാക്കിയ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മലക്കം മറിഞ്ഞു. രേഖകള്‍ ആരും മോഷ്ടിച്ചിട്ടില്ലെന്നും പകര്‍പ്പെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാരിന്റെ അതീവരഹസ്യ രേഖകള്‍ മോഷ്ടിച്ചെന്ന് താന്‍ സുപ്രിംകോടതിയില്‍ പറഞ്ഞെന്ന പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ചാണ് പരാതിക്കാര്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണു താന്‍ സുപ്രിംകോടതിയില്‍ വാദിച്ചതെന്നും അദ്ദേഹം നിലപാട് തിരുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ എജി റഫേല്‍ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയതായി സുപ്രിം കോടതിയെ അറിയിച്ചത്. രഹസ്യ രേഖാചോരണ നിയമ പ്രകാരം രണ്ടു ദിനപത്രങ്ങള്‍ക്കും ഒരു അഭിഭാഷകനുമെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും തങ്ങളുടെ വാര്‍ത്താ ഉറവിടം ആരോടും വെളിപ്പെടുത്തില്ലെന്നും മോഷണമെന്ന് വിളിക്കുന്ന രേഖകള്‍ പൊതുതാല്‍പര്യാര്‍ഥമാണ് പ്രസിദ്ധീകരിച്ചതെന്നും ദ ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാവട്ടെ ദേശസുരക്ഷ മാധ്യമസ്വാതന്ത്ര്യത്തിനു മുകളിലാണെന്നും ഇതുവരെ അത് വെല്ലുവിളിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞ് എജിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയുണ്ടായ എജിയുടെ മലക്കംമറിച്ചില്‍ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുമെന്ന് ഉറപ്പാണ്.





Tags: