ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതി ഹിന്ദു- സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ ശ്രമം; രൂക്ഷവിമര്‍ശനവുമായി വീണ്ടും വരുണ്‍ ഗാന്ധി

Update: 2021-10-10 10:08 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ഗാന്ധി രംഗത്ത്. ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതിയെ ഹിന്ദു- സിഖ് സംഘര്‍ഷമാക്കി മാറ്റാന്‍ നീക്കം നടക്കുകയാണെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചു. ദേശീയ ഐക്യത്തിന് മേല്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. ഇത് അധാര്‍മികവും തെറ്റായതുമായ പ്രവണതയാണ്. അപകടകരമായ ഇത്തരം നീക്കം ഒരു തലമുറയില്‍ വീണ്ടും മുറിവുകളുണ്ടാക്കാന്‍ ഇടയാക്കും. ഒരിക്കലും ദേശീയ ഐക്യത്തിന് മേല്‍ നീചമായ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുത്- വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റി നരനായാട്ട് നടത്തിയ സംഭവത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി വരുണ്‍ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു. അക്രമത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹലുണ്ടായിരുന്ന ബിജെപി നേതാവിന്റെ കാര്‍ പ്രതിഷേിച്ച കര്‍ഷകര്‍ക്കുനേരേ ഇടിച്ചുകയറുന്നത് വ്യക്തമായി വരുണ്‍ ഗാന്ധി പങ്കുവച്ച വീഡിയോയില്‍ കാണാമായിരുന്നു. വീഡിയോ വളരെ വ്യക്തമാണ്. കൊലപ്പെടുത്തി കര്‍ഷകരെ നിശ്ശബ്ദരാക്കാനാവില്ല. നിരപരാധികളായ കര്‍ഷകരുടെ ചോരയ്ക്ക് ഉത്തരവാദിത്തം പറയണം. ഓരോ കര്‍ഷകന്റെയും മനസ്സില്‍ ക്രൂരതയുടെയും സന്ദേശമെത്തുന്നതിന് മുമ്പ് നീതി ലഭ്യമാക്കണം- അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പങ്കില്ലെന്ന ബിജെപി വാദങ്ങളുടെ മുനയൊടിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെ വരുണ്‍ ഗാന്ധിയെയും മനേകാ ഗാന്ധിയെയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ അറസ്റ്റുചെയ്തിരുന്നു. ഇയാളെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

Tags: