മഥുര ഈദ് ഗാഹിന്റെ മറവില്‍ ബാബരി ആവര്‍ത്തിക്കാനുള്ള ശ്രമം ജനകീയമായി ചെറുത്തുതോല്‍പ്പിക്കണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2021-11-23 15:59 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദിനെ പോലെ, കാശിയിലെ ഗ്യാന്‍വാപി മസ്ജിദിനെയും മഥുരയിലെ ശാഹി ഈദ് ഗാഹിനെയും മറയാക്കി വംശീയ വിദ്വേഷം ഇളക്കിവിട്ട് കലാപമുണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള സംഘപരിവാര്‍ ഗൂഢതന്ത്രങ്ങളെ ജനകീയമായി ചെറുത്തുതോല്‍പ്പിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബേയ്ഗ് നദ്‌വി ആഹ്വാനം ചെയ്തു. രാജ്യത്ത് വിഭാഗീയതയും വിദ്വേഷവും ആളിക്കത്തിക്കാന്‍ സംഘപരിവാര്‍ വീണ്ടും ഒരുങ്ങുകയാണ്.

വരുന്ന ഡിസംബര്‍ 6ന് മഥുരയിലെ ഈദ് ഗാഹില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദു മഹാസഭയുടെ പ്രഖ്യാപനം രാജ്യത്തെ ഹിന്ദു- മുസ്‌ലിം സാഹോദര്യം തകര്‍ക്കാനും ആഭ്യന്തരയുദ്ധം ആളിക്കത്തിക്കാനുമുള്ള അപകടകരമായ ഗൂഢാലോചനയാണ്. ഈ ലക്ഷൃം വിജയിപ്പിക്കാന്‍ മതേതര സമൂഹം ഒരു കാരണവശാലും അനുവദിക്കരുത്. യുപി തിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താന്‍ മഥുരയിലെ ഈദ് ഗാഹിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയാണ് സംഘപരിവാര്‍. ഇത്തരം നീക്കങ്ങള്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

ഇമാംസ് കൗണ്‍സില്‍ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ച് ജനാധിപത്യ രീതിയില്‍ പ്രതിരോധം തീര്‍ക്കാന്‍ നിലകൊള്ളും. ഫാഷിസ്റ്റ് ശക്തികളെ ജനാധിപത്യ മാര്‍ഗമുപയോഗിച്ച് നിലയ്ക്കുനിര്‍ത്തണം. മത, രാഷ്ട്രീയ കക്ഷിഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും അടിയന്തര പ്രാധാന്യമുള്ള ഈ വിഷയത്തില്‍ മൗനം വെടിയണം. സനാതന മൂല്യങ്ങളില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മതവിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുന്ന ഫാഷിസ്റ്റ് ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം.

ഇത്തരം നിലപാടുകള്‍ ബാബരി മസ്ജിദിന് സംഭവിച്ചതപോലുള്ള ദുരന്തങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ കാരണമാവും. മഥുരയിലെ ഷാഹി ഈദ്ഗാഹ് ഇന്നലെകളില്‍ നിലനിന്നതുപോലെ എന്നും നിലനില്‍ക്കും. സംഘപരിവാര്‍ ഗൂഢാലോചന വിജയിക്കാന്‍ ഇന്ത്യന്‍ ജനത ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News