ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താൻ സംഘപരിവാർ ശ്രമം
ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ സംഘപരിവാർ ആക്രമണം നടന്നിരുന്നു.
കോഴിക്കോട്: ശബരിമലയിൽ ദർശനം നടത്തിയ വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താൻ സംഘപരിവാർ ശ്രമം. കൊയിലാണ്ടി പൊയിൽ കാവിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനപൂർവ്വം ഇടിച്ചു വീഴ്ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതയി ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു.
ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. നേരത്തെ കൊച്ചിയിൽ കമ്മീഷണര്‍ ഓഫിസിന് മുന്നിൽ പോലിസുകാര്‍ നോക്കി നിൽക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ ആക്രമണം നടന്നിരുന്നു. നേരത്തെ ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തിരുന്നു.
കോഴിക്കോട് കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. രണ്ട് ദിവസം മുമ്പ് പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയിൽ ഇല്ലെന്നും അന്വേഷണം തുടങ്ങിയതായും നടക്കാവ് പോലിസ് അറിയിച്ചിരുന്നു. പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ സൈബർ ആക്രമണങ്ങളും നടന്നിരുന്നു.