നെടുമങ്ങാട് എസ് ഡിപി ഐ നേതാവിന്റെ വീടിനു നേരെ ആക്രമണം; വാഹനങ്ങളും തകര്‍ത്തു

എസ് ഡിപിഐ നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് ചിറമുക്ക് വാഹിദിന്റെ തേക്കട നരിക്കല്ലിലുള്ള വീടിനു നേരെയാണ് ഇന്നലെ അര്‍ധരാത്രി 12ഓടെ ആക്രമണം നടന്നത്

Update: 2020-01-29 06:10 GMT

തിരുവനന്തപുരം: നെടുമങ്ങാട് എസ് ഡിപിഐ നേതാവിന്റെ വീടിനു നേരെ ആക്രമണം. വാഹനങ്ങള്‍ തകര്‍ത്തു. എസ് ഡിപിഐ നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് ചിറമുക്ക് വാഹിദിന്റെ തേക്കട നരിക്കല്ലിലുള്ള വീടിനു നേരെയാണ് ഇന്നലെ അര്‍ധരാത്രി 12ഓടെ ആക്രമണം നടന്നത്. പ്രദേശവാസിയായ അനന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. വാഹിദിനു നേരെയും വഴിയില്‍ വച്ചു ആക്രമണശ്രമം ഉണ്ടായി. കന്യാകുളങ്ങരയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം സുഹൃത്ത് ഫൈസലിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു പോവുന്നതിനിടെ തേക്കട ചിറമുക്കില്‍ വച്ചാണ് അനന്ദുവും കൂടെയുണ്ടായിരുന്നയാളും വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രദേശവാസികള്‍ തടഞ്ഞതോടെ മടങ്ങിപ്പോയ അക്രമികള്‍ മാരകായുധങ്ങളുമായി മടങ്ങിയെത്തി വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ വാതില്‍ വാള്‍ കൊണ്ട് വെട്ടിപ്പൊളിക്കാനും ശ്രമം നടന്നിരുന്നു. സംഭവറിഞ്ഞു നാട്ടുകാരെത്തിയതോടെ അക്രമി സംഘം വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.




Tags: