കശ്മീരിൽ ബിജെപി നേതാവിന്റെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം; ഒരു മരണം
പരിക്കേറ്റ എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും എവിടെ നിന്നുമാണ് ഗ്രനേഡ് എറിഞ്ഞതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗറിയിൽ ബിജെപി നേതാവിന്റെ വീടിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണം. സായുധർ നടത്തിയ ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന നാലു വയസുള്ള കുട്ടി കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. എല്ലാവരുടേയും പരിക്കുകൾ ഗുരുതരമാണ്.
പരിക്കേറ്റ എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും എവിടെ നിന്നുമാണ് ഗ്രനേഡ് എറിഞ്ഞതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഉന്നത പോലിസ് അധികാരികൾ പറഞ്ഞു.
ബിജെപി നേതാവായ ജസ്ബീർ സിങ്ങിന്റെ വീടിനു നേരെയാണ് ഗ്രനേഡ് ആക്രമണം നടന്നത്. എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെന്നും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ വച്ച് മരണമടയുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു.
സായുധ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് സംഘടന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പീപ്പിൾസ് ആന്റി ഫാഷിസ്റ്റ് ഫ്രണ്ട് എന്ന സായുധ സംഘടന ബിജെപി നേതാക്കളെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല.